
പതിനൊന്നാംവയസിൽ സാക്ഷാൽ നായനാർ മൈക്കു കൊടുത്ത് പാടിച്ചതാണ് മച്ചാട്ട് വാസന്തിയുടെ ആദ്യപാട്ട്. പിന്നീട് എഴുപതു വർഷമാണ് മലയാളക്കരയിൽ കണ്ണീരും സ്വപ്‌നങ്ങളുമായി വാസന്തി പാട്ടുപാടിയും നടിച്ചും നടന്നത്. ഞായറാഴ്ച, 81-ാം വയസിൽ കൂടുവിടുമ്പോഴും മലയാളിയുടെ പച്ചപ്പനംതത്തയ്ക്ക് അടച്ചുറപ്പുള്ള വീടോ രോഗമൊഴിഞ്ഞ നേരമോ ഉണ്ടായിരുന്നില്ല! പാടിയ പാട്ടുകളുടെ എണ്ണമെടുത്താൽ നാടകവും സിനിമയും ആകാശവാണിയുമടക്കം ആയിരത്തോളം. ഒപ്പം പാടിയവരിൽ യേശുദാസും ജയചന്ദ്രനും ജാനകിയും എൽ.ആർ ഈശ്വരിയും അടക്കം പ്രമുഖർ. പാടിച്ചവരിൽ ബാബുരാജും രാഘവൻമാഷും വയലാറുമടക്കം പ്രതിഭാധനർ. എന്നിട്ടുമെന്തേ ഈ പച്ചപ്പനംതത്തയുടെ പാട്ടുകൾ പാതിയിൽ മുറിഞ്ഞുപോയത്?
പതിനൊന്നു വയസായിരുന്നു അന്ന് മച്ചാട്ട് വാസന്തിക്ക്. കണ്ണൂർ കക്കാട് സ്പിന്നിംഗ് മില്ലിനടുത്തു നടന്ന പാർട്ടി സമ്മേളന വേദിയിൽ ഗായകനും റേഡിയോ ആർടിസ്റ്റുമായ അച്ഛൻ മച്ചാട്ട് കൃഷ്ണന്റേയും അമ്മ കല്യാണിയുടേയും കൈപിടിച്ചെത്തിയതാണവൾ. നായനാരാണ് ഉദ്ഘാടകൻ. മകൾ പാടുമെന്നു പറഞ്ഞപ്പോൾ നായനാർ ഉറക്കെ പ്രഖ്യാപിച്ചു: 'കൃഷ്ണന്റെ മോൾ ഒരു പാട്ട് പാടിയ ശേഷം സമ്മേളനം തുടങ്ങാം." വാസന്തി സ്റ്റേജിലെത്തിയപ്പോൾ മൈക്കിനോളം ഉയരമില്ല. ഒരു സ്റ്റൂളു കൊണ്ടുവരൂ എന്നായി നായനാർ. നായനാർ തന്നെ വാസന്തിയെ പിടിച്ച് സ്റ്റൂളിൽ നിർത്തി. വാസന്തിയുടെ പൊതുവേദിയിലെ ആദ്യ പാട്ട്. 'പൊട്ടിക്കും പാശം സമരാവേശം...!"
പാട്ട് കഴിഞ്ഞപ്പോൾ നിറഞ്ഞ കയ്യടി. അന്ന് സദസ്സിൽ എം.എസ് ബാബുരാജ് എന്ന, കോഴിക്കോടിന്റെ ബാബുക്കയുമുണ്ടായിരുന്നു. പിന്നീട് പാട്ടിന്റെ വഴികളിലേക്ക് വാസന്തിയെ കൈപിടിച്ചു നടത്തിയത് ബാബുരാജാണ്. ബാബുരാജ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച 'തിരമാല"യായിരുന്നു വാസന്തിയുടേയും ആദ്യ സിനിമ. പക്ഷെ സിനിമ വെളിച്ചം കണ്ടില്ല. പിന്നീട് അതേവർഷം രാമുകാര്യാട്ട് സംവിധാനം ചെയ്ത 'മിന്നാമിനുങ്ങി"ൽ രണ്ടു പാട്ടുകൾ പാടിക്കൊണ്ട് സിനിമയിൽ നല്ല തുടക്കം. പി. ഭാസ്‌കരൻ മാഷുടെ രചനയിൽ ബാബുരാജ് ഈണം പകർന്നയാരിരുന്നു 'തത്തമ്മേ തത്തമ്മേ... നീപാടിയാൽ അത്തിപ്പഴം തന്നിടും... ', 'ആരു ചൊല്ലിടും ആരു ചൊല്ലിടും..." എന്നീ പാട്ടുകൾ.
'മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ...!" ഓളവും തീരവും എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം ബാബുരാജിന്റെ സംഗീതത്തിൽ പാടിയ ഈ പാട്ടുമതി, മച്ചാട്ട് വാസന്തിയെ എക്കാലവും ഓർത്തിരിക്കാൻ. നാടകത്തിലാണെങ്കിൽ നമ്മളൊന്നിലെ 'പച്ചപ്പനംതത്തേ, പുന്നാര പൂമുത്തേ..." എന്ന പാട്ട്. പതിമൂന്നാം വയസിൽ പാടിയ ആ പാട്ട് ജീവിതത്തിൽ പിന്നീട് എത്രയായിരം വേദികളിൽ പാടിയെന്ന് വാസന്തിക്കുപോലും ഓർമയില്ല. പാട്ടിനപ്പുറം വാസന്തിക്ക് അഭിനയത്തിന്റെ കൂടി വേദിയായി, നാടകം. നെല്ലിക്കോട് ഭാസ്‌കരന്റെ 'തിളയ്ക്കുന്ന കടൽ", ദേശപോഷിണിയുടെ 'ഈഡിപ്പസ്", ബഹദൂർ സംവിധാനം ചെയ്ത 'ബല്ലാത്ത പഹയൻ", പി.ജെ ആന്റണിയുടെ 'ഉഴവുചാൽ", കുതിരവട്ടം പപ്പുവിനൊപ്പം 'കറുത്ത പെണ്ണ്", കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി", തിക്കോടിയന്റെ നാടകങ്ങൾ...
വിവാഹത്തിനു മുമ്പ് അച്ഛനൊപ്പം നാടാകെ ചുറ്റി പാടിയെങ്കിലും വിവാഹശേഷം മദ്രാസിലും മറ്റും പോയി പാടാൻ ഭർത്താവ് സമ്മതിച്ചില്ല. കോഴിക്കോട്ട്, കുടുംബത്തിനൊപ്പം നിന്ന് കിട്ടാവുന്ന നാടകങ്ങളിൽ പാടിക്കൊള്ളാനാണ് ഭർത്താവ് ബാലകൃഷ്ണൻ നൽകിയ അനുമതി. 48-ാം വയസിൽ ഭർത്താവ് മരിക്കുമ്പോൾ വാസന്തിക്കു മിച്ചം കിട്ടിയത് അദ്ദേഹം ബാക്കിവച്ച എട്ടുലക്ഷം രൂപയുടെ കടമായിരുന്നു. പിന്നീടിങ്ങോട്ട് ജീവിക്കാൻ വേണ്ടിയാണ് വാസന്തി പാടിയത്. കിട്ടുന്ന നാടകങ്ങളിലും ഗാനമേളകളിലുമെല്ലാം ഓടിനടന്ന് പാടി. അതിനിടെ കുറച്ച് സിനിമകളിൽ മുഖം കാണിച്ചെങ്കിലും പാടാനൊന്നും അവസരം ചോദിച്ചു പോയില്ല. ഒരു മകനും മകളുമാണ് വാസന്തിക്ക്.
കുറച്ചു മാസം മുമ്പാണ് കോഴിക്കോട് ഫറോക്കിലെ വീട്ടിൽ രോഗവും പ്രായവും തളർത്തിയ അവശതകളിൽ കണ്ണീർപ്പാട്ടു മൂളുന്ന വാസന്തിച്ചേച്ചിയെ കാണാൻ പോയത്. പ്രായവും രോഗവും തളർത്തിയ അവസ്ഥയിലും ആ ചുണ്ടുകളിൽ ഓർമ്മകളുടെ പച്ചപ്പനംതത്ത തത്തിക്കളിക്കുന്നുണ്ടായിരുന്നു. ചികിത്സിക്കാൻ പണമില്ല, മാറിമാറി, പതിനെട്ടാമത്തെ വീട്ടിലായിരുന്നു അപ്പോൾ. അതും കടംപെരുകി ജപ്തി ഭീഷണിയിൽ. അഭിമുഖം കഴിഞ്ഞിറങ്ങുമ്പോൾ അവർ ചോദിച്ച പൊള്ളുന്ന ചോദ്യം: 'മോനേ, ഇതുകൊണ്ട് വല്ല സഹായവും കിട്ടുമോ? ആരുമിപ്പോൾ തിരിഞ്ഞുനോക്കാനില്ല..." പാട്ട് മുറിയുന്നു, വാക്കുകളും.