കോഴിക്കോട്: പാട്ടുപാടി കൊതിതീരാത്ത ടൗൺഹാളിന്റെ മുറ്റത്ത് മലയാളിയുടെ പച്ചപ്പനംതത്ത ചലനമറ്റ് കിടന്നു. വേദനകൾക്കിടയിലും നിറപുഞ്ചിരിയുമായി നടന്നുവരാറുള്ള വാസന്തിയുടെ പാട്ടുമാഞ്ഞുപോയ മുഖം കൂടിനിന്നവരിലെല്ലാം കനപ്പിച്ച വേദനയായി. എവിടെനിന്നെല്ലാമോ ഒഴുകിയെത്തിയ നാടകപ്രവർത്തകർ, പാട്ടുകാർ, ഓർക്കസ്ട്രക്കാർ, കോഴിക്കോടൻ സംസ്‌കാരിക വേദിയിലെ പ്രമുഖരെയെല്ലാം കൊണ്ട് ടൗൺഹാളും പരിസരവും നിറഞ്ഞു. രാവിലെ പതിനൊന്നരയോടെയാണ് മച്ചാട്ട് വാസന്തിയുടെ മൃതദേഹം ടൗൺഹാളിലെത്തിച്ചത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുറ്റത്തായിരുന്നു പൊതു ദർശനം. ഉച്ചയ്ക്ക് ഒരുമണിവരെ ടൗൺഹാളിൽ പൊതു ദർശനത്തിന് വച്ച മൃതദേഹം ഒന്നരയോടെ മാനാരി ശ്മശാനത്തിൽ സംസ്‌കരിച്ചു.
വാർദ്ധക്യസഹജമായ അസുഖത്താൽ ചികിത്സയിലായിരുന്ന മച്ചാട്ട് വാസന്തി ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ മരിച്ചത്. ആകാശവാണി ആർടിസ്റ്റും ഗായകനുമായ മച്ചാട്ട് കൃഷ്ണന്റേയും കല്യാണിയുടേയും മകളായി കണ്ണൂരിൽ ജനിച്ച വാസന്തി പാട്ടുപഠനാർത്ഥമാണ് അച്ഛനൊപ്പം കോഴിക്കോട്ടെത്തുന്നത്. പിന്നീട് നാടും വീടുമെല്ലാം കോഴിക്കോട്ടായി. ഫറോക്ക് കോളേജിനടുത്ത് തിരിച്ചിലങ്ങാടി മണ്ടോടിപ്പറമ്പിൽ സംഗീതാലയം എന്നവീട്ടിൽ മകൻ മുരളീധരനൊപ്പമായിരുന്നു താമസം. ഒരു മകൾകൂടിയുണ്ട് സംഗീത.
കുഞ്ഞുനാൾമുതൽ വേദികളിൽ നിന്ന് വേദികളിലേക്ക് പറന്ന മച്ചാട്ട് വാസന്തിയുടെ ശബ്ദത്തിന്റെ ഒഴുക്ക് ബാബുരാജിലൂടെയായിരുന്നു. അദ്ദേഹം ഈണം നൽകിയ നിരവധിയായ നാടകഗാനങ്ങളിലൂടെയാണ് വാസന്തി ശ്രദ്ധേയയാവുന്നത്. സിനിമകളിലും ബാബുരാജ് തന്നെ അവസരം നൽകി. പച്ചപ്പനംതത്തയും, മണിമാരൻ തന്നതുമെല്ലാം വാസന്തിക്ക് ഏറെ പ്രശംസ നൽകിയ പാട്ടുകൾ. എന്നിട്ടും അവസാനകാലത്ത് ദുരിതപൂർണമായിരുന്നു ജീവിതം. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നായി നിരവധിപേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മേയർ ബീന ഫിലിപ്പ്, വി.ടി.മുരളി, വി.ആർ.സുധീഷ്, എം.കെ.രാഘവൻ എം.പി, ടി.വി.ബാലൻ, ഡപ്യൂട്ടി മേയർ മുസഫർ അഹമ്മദ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗവാസ്, എ.പ്രദീപ്കുമാർ, പി.മോഹനൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, വിൽസൺ സാമുവൽ, പുരുഷൻ കടലുണ്ടി, വി.എം.വിനു, ജഗത്മയൻ, അഡ്വ.എം.രാജൻ തുടങ്ങി നിരവധിപേർ അന്തായഞ്ജലിയർപ്പിച്ചു.