 
കോഴിക്കോട്: പൊതു ഇടങ്ങളെ ചപ്പുചവറു രഹിതമായി മാറ്റിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ചപ്പുചവറുകൾ വലിച്ചെറിയുന്ന സംസ്‌കാരത്തിൽ നിന്നും ജനങ്ങളെ പിൻതിരിപ്പിക്കുന്നതിനൊപ്പം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന ചപ്പുചവറുകൾ കൃത്യമായി നീക്കം ചെയ്യാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും കളക്ടറേറ്റിൽ ചേർന്ന മാലിന്യമുക്ത നവകേരളം പദ്ധതി ജില്ലാതല അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ ചപ്പുചവറുകൾ ശേഖരിക്കാൻ ശുചീകരണ തൊഴിലാളികളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കണം. ഓരോ പ്രദേശത്തെയും വ്യാപാര കേന്ദ്രങ്ങളിലെ മാലിന്യം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. മാലിന്യം നീക്കം ചെയ്ത് പ്രദേശം ശുചിയാക്കുന്നതിൽ വ്യാപാര സ്ഥാപനങ്ങളെയും പങ്കാളികളാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖണത്തിനുള്ള ഹരിതമിത്രം ആപ്പിന്റെ ജില്ലയിലെ പുരോഗതി യോഗം വിലയിരുത്തി. അജൈവ മാലിന്യങ്ങൾ സംഭരിക്കാനും ശാസ്ത്രീയമായി തരംതിരിക്കാനുമുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ (എം.സി.എഫ്) സ്ഥാപിക്കുന്നതിൽ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങളാണ് ഇതുവരെ 100 ശതമാനം വിജയം കൈവരിച്ചത്. മറ്റ് സ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇത് ത്വരിതഗതിയിൽ പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. എം.സി.എഫ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചെങ്ങോട്ട്കാവ്, നാദാപുരം, ഉണ്ണികുളം, വാണിമേൽ, അരിക്കുളം പഞ്ചായത്തുകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കാണാനും യോഗം നിർദേശിച്ചു.
ജില്ലയിൽ എസ്.ടി.പി. പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ്ഥലം നൽകാൻ താത്പര്യമുള്ള തദ്ദേശസ്ഥാപനങ്ങളെ കണ്ടെത്താൻ നിർദേശം നൽകി. ജില്ലയിലെ എഫ്.എസ്.ടി.പി. പ്ലാന്റുകൾ സ്ഥാപിക്കുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. വിദ്യാലയങ്ങളിൽ ജൈവ മാലിന്യ സംസ്‌കരണം, ദ്രവമാലിന്യ സംസ്‌കരണം എന്നിവയ്ക്കുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണം. സർക്കാർ സ്ഥാപനങ്ങൾ 100 ശതമാനം ഹരിതചട്ടം പാലിച്ച് പ്രവർത്തിക്കണമെന്നും നവംബർ ഒന്നോടെ ഇക്കാര്യത്തിൽ ചുരുങ്ങിയത് 50 ശതമാനം പുരോഗതി കൈവരിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.