വിലങ്ങാട്: ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടമുണ്ടായ വളയം ഗ്രാമ പഞ്ചായത്തിനെ ദുരന്തബാധിത പഞ്ചായത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ആവശ്യപ്പെട്ടു. വിലങ്ങാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ശാരദമുരളീധരന് ഇത് സംബന്ധിച്ച നിവേദനം നൽകി. നേരത്തെ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ വളയം ഗ്രാമ പഞ്ചായത്തിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഉരുൾപൊട്ടലിൽ വലിയ നാശ നഷ്ടമാണ് വളയത്തുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറി വലിയ നാശ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ആയോട് മലയിൽ ഉരുൾപൊട്ടി ഏക്കർ കണക്കിന് കൃഷിസ്ഥലം ഒഴുകിപ്പോവുകയും ചെയ്തു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നൽകിയതായി പ്രസിഡന്റ് അറിയിച്ചു.