
വഴിയോരത്തെ ചില്ലു കൂട്ടിലിരിക്കുന്ന മഞ്ഞ ലഡു, ചുവപ്പ് ജിലേബി, പച്ച ഹലുവ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള പലഹാരങ്ങൾ മാടി വിളിക്കുമ്പോൾ വാങ്ങിക്കാതിരിക്കുന്നതെങ്ങനെ?... മധുരപലഹാരങ്ങൾക്ക് നിറത്തിനും രുചിയ്ക്കുമായി ഉപയോഗിക്കുന്ന കൃത്രിമ രാസപദാർത്ഥങ്ങൾ നുണയുമ്പോൾ തങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ആരും മനസിലാക്കാറില്ല എന്നതാണ് സത്യം. ഭക്ഷണം കൂടുതൽ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങളടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. ചില നിറങ്ങൾ സുരക്ഷിതമെങ്കിലും കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും ആസ്മയ്ക്കും കാൻസറിനും പോലും കാരണമാകും എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സ്കൂൾ പരിസരങ്ങളിലും ഇത്തരത്തിൽ കൃത്രിമ നിറങ്ങളടങ്ങിയ മിഠായികൾ, സിപ് അപ്പുകൾ, ശീതളപാനീയങ്ങൾ എന്നിവയുടെ വിൽപ്പനയും വ്യാപകമാണ്. ഇത്തരം രാസവസ്തുക്കൾക്ക് വ്യാപകമായി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. കൃത്രിമനിറം ഉപയോഗിക്കുന്നതിനെതിരെ ജില്ലയിൽ ‘നിറമല്ല രുചി' ബോധവത്ക്കരണവും സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണവും നടത്തിയിരുന്നു. എന്നാൽ, ഉൽപ്പാദകർ ഇവ ശ്രദ്ധിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ കർശന നടപടിയിലേക്കാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നീങ്ങുന്നത്. അമിത അളവിൽ നിറങ്ങൾ ചേർത്ത് വിൽക്കുന്നതും ഉൽപ്പാദിപ്പിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ കേസെടുക്കും. വരും ദിവസങ്ങളിൽ എല്ലാ നിർമാണ യൂണിറ്റുകളും പരിശോധിച്ച് നടപടി സ്വീകരിക്കാനും നിർദ്ദേശവുമുണ്ട്. പിഴ ചുമത്തിയിട്ടും ഹോട്ടലുകളിലും ഭക്ഷ്യവസ്തു നിർമാണ യൂണിറ്റുകളിലും കൃത്രിമ നിറങ്ങളുടെയും മറ്റു രാസവസ്തുക്കളുടെയും ഉപയോഗം കുറയാത്ത സാഹചര്യത്തിലാണ് നടപടി.
സർവത്ര മായം
പലഹാരങ്ങളുടെ രൂപവും ആകർഷണീയതയും മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണത്തിൽ ചേർക്കുന്ന രാസവസ്തുക്കളാണ് സിന്തറ്റിക് ഫുഡ് കളറുകൾ. ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, അമരന്ത്, അല്ലുറ റെഡ്, ക്വിനോലിൻ യെല്ലോ, ബ്രില്ല്യന്റ് ബ്ലൂ, ഇൻഡിഗോ കാർമൈൻ എന്നിവയാണ് സാധാരണ ഭക്ഷണങ്ങളിൽ ചിലത്. എന്നാൽ ഇവ അനുവദനീയമയ അളവിൽ കൂടുതലുപയോഗിക്കുമ്പോഴാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്. 2006 ലെ ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഭക്ഷണത്തിൽ കൃതൃമ നിറങ്ങൾ ചേർക്കുന്നതിന് കർശനമായ നിയന്ത്രണമുണ്ട്. എന്നാൽ ഇത് ലംഘിച്ച് പലരും കൂടിയ അളവിലും നിരോധിച്ച കൃത്രിമ നിറങ്ങൾ ഉപയോഗിക്കുകയാണ്. ജില്ലയിൽ നിയമ വിരുദ്ധമായി കൃത്രിമ നിറം ചേർത്തതിന് 400 ലധികം കേസുകൾ നിലവിലുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം വ്യക്തമാക്കുന്നു.
ഭക്ഷ്യവസ്‌തുവായ മിക്സ്‌ചറിൽ അനുവദനീയമല്ലാത്ത നിറം ചേർക്കൽ വ്യാപകമായതിനെതുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ടാട്രസിൻ മിക്സ്ചറുകളിൽ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന്, ബന്ധപ്പെട്ട കടകളിലെ ഉത്പ്പാദനവും വിൽപ്പനയും ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിക്കുകയും ചെയ്തു.താരതമ്യേന വീര്യം കൂടിയ ടാട്രസിൻ അലർജി, ആസ്‌മ, ഉത്‌ക്കണ്‌ഠ, തൊലിപ്രശ്‌നങ്ങൾ എന്നിവക്ക് കാരണമാകും. അതുകൊണ്ട് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്‌ചറുകളിൽ മഞ്ഞനിറത്തിനായാണ് ഇത് ഉപയോഗിക്കുന്നത്. കിഡ്‌നിയെയും കരളിനേയും അതിമാരകമായി ബാധിക്കുന്ന 'റോഡാമിൻ ബി'എന്ന രാസവസ്‌തുവിന്റെ ഉപയോഗവും കൂടുന്നുണ്ട്. കഴിഞ്ഞ ദിവസം സാക്കറിൻ സോഡിയം ചേർത്ത് ഐസ് കാൻഡി നിർമ്മിച്ച് വില്പന നടത്തിയ സ്ഥാപനത്തിന് മൂന്നുമാസം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു.
88 ശതമാനവും മായം
ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പഠനത്തിൽ 88 ശതമാനം ഭക്ഷണ സാമ്പിളിലും അനുവദനീയമായ അളവിലും കൂടുതൽ സിന്തറ്റിക് നിറങ്ങൾ അടങ്ങിയതായാണ് കണ്ടെത്തൽ. കൃത്രിമ നിറങ്ങൾ ചേർക്കുമ്പോൾ ഭക്ഷണ പദാർത്ഥങ്ങൾ ആകർഷണീയമാകുന്നു. എന്നാൽ രുചിയ്ക്കായി മറ്റ് കൃത്രിമ രാസവസ്തുക്കളാണ് ഉപയോഗിക്കാറ്. കാഴ്ചയിൽ ഭംഗി തോന്നുവാൻ വേണ്ടി മാത്രമാണ് നിറങ്ങൾ ഉപയോഗിക്കുന്നത്. ഹോട്ടൽ ഭക്ഷണത്തിൽ ഒന്നും തന്നെ കൃത്രിമ നിറം ചേർക്കാൻ പാടുള്ളതല്ല. ഇന്ത്യയിൽ എട്ട് കൃത്രിമനിറങ്ങളാണ് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളത്. ചുവപ്പുനിറം നൽകാൻ റെഡ്-3-എറിത്രോസിൻ (E127), റെഡ്-10-കാർമോസിൻ (E122), റെഡ്-18-പോൻസിയോ 4R (E124) എന്നിവ ഉപയോഗിക്കാം. പച്ചനിറം നൽകാൻ ഗ്രീൻ-3-ഫാസ്റ്റ് ഗ്രീൻ (E143). മഞ്ഞനിറത്തിന് യെല്ലോ-3-ടാർട്രാസൈൻ, യെല്ലോ-6-സൺസെറ്റ് യെല്ലോ. നീലനിറം നൽകാൻ ബ്ലൂ-1-ബ്രില്യന്റ് ബ്ലൂ (E133), ബ്ലൂ-2-ഇൻഡിഗോ കാർമൈൻ (E132) എന്നിവയും ഉപയോഗിക്കാം. നിർദേശിക്കപ്പെട്ടിട്ടുള്ള കൃത്രിമനിറങ്ങൾ ഉപയോഗിക്കാൻ പറ്റുന്ന ഭക്ഷ്യവസ്തുക്കളുടെ പട്ടിക എഫ്.എസ്.എസ്.എ.ഐ. പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഉൾപ്പെടാത്ത നിറം ചേർക്കുന്നത് ശിക്ഷാർഹമാണ്.
നിറമല്ല വേണ്ടത് ഗുണം
കൃത്രിമ നിറവും മണവുമല്ല ആളുകൾക്ക് ആവശ്യം നല്ല ഭക്ഷണമാണ്. ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ബേക്കറി ഉല്പന്നങ്ങളായ ചിപ്സ്, റസ്ക്, ബേബി റസ്ക്. മിക്ചറിൽ ടാർട്രസിൻ, കാർമോയിസിൻ പോലുള്ള ഭക്ഷണങ്ങളിലും നിറങ്ങൾ വ്യാപകമായാണ് ചേർക്കുന്നത്. ഐ.എസ്.ഐ മുദ്ര, എഫ്. എസ്.എസ്.എ.ഐ മുദ്ര എന്നിവയുള്ള നിറങ്ങളും ഭക്ഷണത്തിൽ ചേർക്കുന്നതിന് കർശന നിയന്ത്രുണ്ട്. ലഡു, ജിലേബി പോലുളളവയിൽ 10 കിലോയിൽ 1 ഗ്രാം കൃതൃമ നിറം മാത്രമാണ് ചേർക്കാൻ അനുവാദം ഉളളത്. നിറത്തിന്റെ കുറവ് കച്ചവടത്തെ ബാധിക്കുമെന്നതിനാൽ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായാണ് നിറങ്ങൾ ചേർക്കുന്നത്. നിറം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ സ്വന്തം ആരോഗ്യത്തെ കരുതി സ്വയം ഒഴിവാക്കുന്നതാണ് നല്ലത്.