 
കോഴിക്കോട്: പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസിലൊതുങ്ങിയതോടെ നഗരത്തിൽ പാർക്കിംഗ് സൗകര്യമില്ലാതെ വാഹനങ്ങളുടെ നെട്ടോട്ടം. വാഹനം നിറുത്തിയിടാൻ നഗരത്തിൽ ഒരിഞ്ചു സ്ഥലമില്ലാത്തതിനാൽ ഫുട്പാത്തിലും ഇടറോഡുകളിലും ‘നോ പാർക്കിംഗ്’ ഏരിയകളിലാണ് ഇപ്പോൾ പാർക്കിംഗ് !. കോർപ്പറേഷൻ അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ പലയിടത്തും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച് അനധികൃത പേ പാർക്കിംഗാണ്. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി റോഡിന് ഇരുവശങ്ങളിലും വെള്ള വരകൾ നൽകി കോർപ്പറേഷനും ട്രാൻസ്‌പോർട്ട് വകുപ്പും സംയുക്തമായി പാർക്കിംഗ് സോണുകൾ ഒരുക്കിയെങ്കിലും വണ്ടി നിർത്താൻ കഴിയാത്ത സ്ഥിതിയാണ്. പാവമണി റോഡ്, ലിങ്ക് റോഡ്, പഴയ കോറനേഷന് സമീപം എന്നിവിടങ്ങളിലെല്ലാം കോർപ്പറേഷൻ പാർക്കിംഗിനായി മാർക്ക് ചെയ്തിട്ടുണ്ടെങ്കിലും ട്രാഫിക് പൊലീസ് നോ പാർക്കിംഗ് ബോർഡുകളും വച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ തുടങ്ങിയതോടെയാണ് ട്രാഫിക് പൊലീസിന്റെ നോ പാർക്കിംഗ് ബോർഡുകൾ ഉയർന്നതെന്നാണ് അറിയുന്നത്. നഗരത്തിൽ കൂടുതൽ ആളുകൾ എത്തുന്ന മാനാഞ്ചിറ, വലിയങ്ങാടി, പാളയം, പുതിയ സ്റ്റാൻഡ്, ബീച്ച് എന്നിവിടങ്ങളിലൊന്നും കൃത്യമായ പാർക്കിംഗ് സൗകര്യമില്ല.
 ഇഴഞ്ഞും മുടന്തിയും
പാർക്കിംഗ് പദ്ധതികൾ
നഗരം ഗതാഗതകുരുക്കിൽ മുറുകുമ്പോഴും പദ്ധതികളും ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പാർക്കിംഗ് പ്ലാസ കെട്ടിടങ്ങളും നാശത്തിന്റെ വക്കിൽ. മിഠായിത്തെരുവ് പാർക്കിംഗ് പ്ലാസ നിർമ്മാണത്തിന്റെ ഭാഗമായി 2023ലാണ് സത്രം കെട്ടിടം പൊളിച്ചുമാറ്റിയത്. ആധുനിക രീതിയിലുള്ള പാർക്കിംഗ് പ്ലാസയാണ് കോപറേഷൻ ലക്ഷ്യമിടുന്നത്.എന്നാൽ പദ്ധതി എവിടെയുമെത്തിയില്ല. ലിങ്ക് റോഡിൽ 10 കോടി മുതൽ മുടക്കിൽ 23 സെന്റ് സ്ഥലത്ത് കെട്ടിടം പണി പൂർത്തിയാക്കിയ പാർക്കിംഗ് പ്ലാസ ഇന്നും പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകിയിട്ടില്ല. 2022-23 കോർപ്പറേഷൻ ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ഭിന്നശേഷി വിഭാഗക്കാർക്കുള്ള പാർക്കിംഗും ഒരു വർഷമാകുമ്പോഴും എങ്ങുമെത്തിയിട്ടില്ല.
 പേ പാർക്കിംഗ് തോന്നുംപോലെ
ഫീസ് ഈടാക്കിയുള്ള അനധികൃത പാർക്കിംഗ് ഉൾപ്പെടെ കണ്ടില്ലെന്ന് നടിക്കുകയാണ് കോർപ്പറേഷൻ. ഷോപ്പിംഗ് മാളുകൾക്ക് ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് പാർക്കിംഗ് ഫീസ് ഈടാക്കാൻ അനുമതിയില്ല. എന്നാൽ പലപ്പോഴും പാലിക്കാത്ത സ്ഥിതിയാണ്. നഗരത്തിലെ പ്രധാന മാളുകൾ ഉൾപ്പെടെ പലയിടങ്ങളിലും തോന്നിയ പാർക്കിംഗ് ഫീസാണ് . പലയിടത്തും മണിക്കൂറുകൾ അനുസരിച്ചാണ് ഫീസ്. മെഡിക്കൽ കോളേജ്, ഗവ. ബീച്ച് ആശുപത്രി എന്നിവിടങ്ങളിലും പാർക്കിംഗ് ഫീസ് ഈടാക്കുന്ന സ്ഥിതിയാണ്.
' പല ഭാഗങ്ങളിലും വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത സ്ഥിതിയാണ്. ഗതാഗതം സുതാര്യമാക്കാനാണ് താത്കാലിക നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചത്. അവയെല്ലാം എടുത്തു മാറ്റുകയും ചെയ്തു. നഗരത്തിൽ ബെെപ്പാസ് വരുന്നതോടെ ട്രാഫിക് പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ആഘോഷവേളകളിലാണ് വാഹന പാർക്കിംഗ് കൂടുതൽ പ്രശ്നമാകുന്നത്. -സുരേഷ് ബാബു, എസ്.എച്ച്.ഒ, കോഴിക്കോട് സിറ്റി ട്രാഫിക്.