കൽപ്പറ്റ: മഹാദുരന്തം പിടിച്ചുലച്ച വയനാട് ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൽ നവംബർ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 27 ദിവസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. അതിനാൽ തന്നെ പ്രചാരണ പ്രവർത്തനങ്ങൾ അതിവേഗതയിൽ നടത്താനാണ് മുന്നണികളുടെ തീരുമാനം. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായിബറേലിയിൽ കൂടി വിജയിച്ചതോടെയാണ് വയനാട് മണ്ഡലത്തിൽ രാജിവെച്ചത്. തന്റെ സഹോദരിയും ഐ.സി.സി ജനറൽ സെക്രട്ടറിയും ഇന്ത്യ മുന്നണിയുടെ മുഖവുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപനവും രാഹുൽഗാന്ധി നടത്തിയിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് വയനാട് മണ്ഡലം രാജിവെച്ചത്. റായിബറേലിയിൽ രാജിവച്ചാൽ ഉത്തരേന്ത്യയിൽ ഉണ്ടാകുന്ന തിരിച്ചടി ഭയന്നാണ് വയനാട് മണ്ഡലത്തിൽ രാജിവച്ചത്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ യു.ഡി.എഫ് മാസങ്ങൾക്കു മുൻപ് തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തെരഞ്ഞെടുപ്പിന്റെ ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട്. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളെ അടുത്തദിവസം തന്നെ പ്രഖ്യാപിക്കും. ഇ.എസ് ബിജിമോൾ, സത്യൻ മൊകേരി ഉൾപ്പെടെയുള്ള വരെയാണ് സി.പി.ഐ പരിഗണിക്കുന്നത്. കഴിഞ്ഞതവണ രാഹുൽ ഗാന്ധിയോട് മത്സരിച്ച ആനിരാജ ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനി രാജിയുടെ മകൾ അപരാജിതയെയും പരിഗണിച്ചേക്കും.
കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരിൽ ഒരാൾ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കാനാണ് കൂടുതൽ സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് മത്സരിച്ച കെ. സുരേന്ദ്രൻ മികച്ച പ്രകടനമാണ് വയനാട്ടിൽ നടത്തിയിരുന്നത്. 1,41,045 വോട്ടാണ് സുരേന്ദ്രന് കിട്ടിയത്. 2019ൽ തുഷാർ വെള്ളാപ്പള്ളി 78, 816വോട്ട് മാത്രമാണ് വയനാട് മണ്ഡലത്തിൽ നേടിയിരുന്നത്. എൻ.ഡി.എ വോട്ട് 7.2 ശതമാനത്തിൽ നിന്നും 13 ശതമാനം ആക്കി കെ. സുരേന്ദ്രൻ ഉയർത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയോട് ഒരു വനിത തന്നെ മത്സരിക്കട്ടെ എന്ന് തീരുമാനിച്ചാൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായ എത്തും. ശോഭാ സുരേന്ദ്രൻ എത്തുന്നതോടെ ജില്ലയിലെ ബി.ജെ.പി ക്യാമ്പ് പൂർണമായും ഉണരുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. വനിതകളുടെ വോട്ട് പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രീകരിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കും എന്നാണ് എൻ.ഡി.എ കണക്കാക്കുന്നത്. മണ്ഡല രൂപീകരണത്തിനു ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥികളാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ പ്രാധാന്യം നേടിയ മണ്ഡലമാണ് വയനാട്. തന്റെ കന്നി മത്സരത്തിന് പ്രിയങ്ക ഗാന്ധി എത്തുന്നതിനാൽ വയനാടിന് ദേശീയ ശ്രദ്ധ നഷ്ടപ്പെടുകയും ഇല്ല.