സുൽത്താൻ ബത്തേരി: വനമേഖലയ്ക്ക് പുറത്തുള്ള മുക്കുത്തിക്കുന്ന് പ്രദേശത്തെ ജനങ്ങളെ സ്വയം സന്നദ്ധ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തി മാറ്റാനുള്ള നീക്കത്തിനെതിരെ മേഖലയിലെ ഭൂരിപക്ഷത്തിന്റെ എതിർപ്പ് ശക്തമാകുന്നു. കാട്ടിനുള്ളിലുള്ളവരെ മാറ്റാതെ പുറത്തുള്ളവരെ മാറ്റാൻ ചിലർ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവർ ആരോപിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ വനത്തിന് പുറത്തുള്ള പ്രദേശമാണ് മുക്കുത്തിക്കുന്ന്. ഇവിടുത്തെ ഇരുപത്തിയഞ്ചോളം കർഷകർ സ്വയം സന്നദ്ധ പുനരധിവാസത്തിന് തയ്യാറായി വനം വകുപ്പിന് അപേക്ഷ നൽകി. എന്നാൽ ഭൂരിപക്ഷം വരുന്ന നൂറ്റിയിരുപത്തിരണ്ട് കുടുംബങ്ങൾ ഇവിടം വിട്ടുപോകാൻ തയ്യാറാകാതെ വന്നതോടയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പോകാൻ തയ്യാറായവർ നാമമാത്ര ഭൂമിയുള്ളവരാണെന്ന് കൂടുതൽ ഭൂമിയുള്ള ഭൂരിപക്ഷം പറയുന്നു. വനഗ്രാമങ്ങളിലെ ഒന്നാം ഘട്ടപുനരധിവാസം ഇതുവരെയായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് വനഗ്രാമത്തിന് പുറത്തുള്ളവരെ പുനരധിവസിപ്പിക്കാൻ അപേക്ഷ സ്വീകരിച്ചതെന്നാണ് ഇവരുടെ ആരോപണം. നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രായപൂർത്തിയായവരെ യോഗ്യതകുടംബമായി കണക്കാക്കി ഒരു കുടുംബത്തിന് 15 ലക്ഷമാണ് നഷ്ടപരിഹാരമായി നൽകുക. അഞ്ച് സെന്റ് സ്ഥലമുള്ള ഒരു കുടുംബത്തിന് അച്ഛനും അമ്മയേയും കൂടാതെ അഞ്ച് പേർ കൂടി പ്രായപൂർത്തീയയാവർ ഉണ്ടങ്കിൽ തൊണ്ണൂറ് ലക്ഷം രൂപയാണ് ആ കുടുംബത്തിന് ലഭിക്കുക. അതെ സമയം ഒരേക്കർ സ്ഥലമുള്ള ഒരു കുടുംബത്തിൽ അച്ഛനും അമ്മയും മാത്രമാണുള്ളതെങ്കിൽ ലഭിക്കുക വെറും പതിനഞ്ച് ലക്ഷം മാത്രമാണ്. സ്ഥലം ഇവിടെ മാനദണ്ഡമാകുന്നില്ല. ആകെയുള്ള 147 കുടുംബങ്ങളിൽ ജനറൽ വിഭാഗത്തിൽ 92 വീട്ടുകാരും, ഗോത്രവിഭാഗത്തിൽ 55 പേരുമാണുള്ളത്. 18 വയസിന് മുകളിലുള്ളവർ 505 പേരാണ്. ഇവരിൽ 420 പേരും പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനെ എതിർക്കുകയാണ്. അപേക്ഷ നൽകിയവരുടെ പുനരധിവാസം നടപ്പിലായാൽ മുക്കുത്തികുന്ന് പ്രദേശം ഇടകലർന്ന് കാടും ജനവാസമേഖലയുമാകും. അങ്ങിനെവരുമ്പോൾ മറ്റുള്ളവരും ഇവിടം ഇട്ടെറിഞ്ഞ് പോകേണ്ട അവസ്ഥവരും. ഇത് കണ്ടറിഞ്ഞ ചിലരാണ് ഇരുപത്തിയഞ്ച് പേരെകൊണ്ട് സ്വയം സന്നദ്ധ പുനരധിവാസത്തിന് തയ്യാറാണെന്ന് പറഞ്ഞ് അപേക്ഷ വാങ്ങിപ്പിച്ചതെന്ന ആരോപണവും ഉയരുന്നു. ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന് രഹസ്യമായി പദ്ധതി നടപ്പാക്കാനുള്ള നീക്കമാണെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
മുക്കുത്തികുന്ന് ഗ്രാമം