കോഴിക്കോട്: പുതിയ വ്യവസായയുഗം സൃഷ്ടിക്കപ്പെടുമ്പോൾ നൂതനാശയങ്ങൾ, സാങ്കേതികവിദ്യകൾ, സാമൂഹികപ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച് ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകൾ വികസിപ്പിക്കണമെന്ന് മന്ത്രി വി. എൻ. വാസവൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാലുദിവസത്തെ രാജ്യാന്തര സഹകരണസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണസ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്ന തത്വം കേരളത്തിലെ സംഘങ്ങൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്രസെമിനാറിന്റെ മുഖ്യവിഷയം അവതരിപ്പിച്ച മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ പ്രത്യേകപ്രഭാഷണവും കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജി മുഖ്യപ്രഭാഷണവും നടത്തി. ‘അന്താരാഷ്ട്ര സഹകരണവർഷം 2025: പൊതുദർശനവും പ്രസക്തിയും’ എന്ന വിഷയം ഐ.സി.എ ഏഷ്യ – പസഫിക് റീജിയണൽ ഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ അവതരിപ്പിച്ചു. ഐ.എൽ.ഒ എന്റർപ്രൈസ് ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റ് ഭാർതി ബിർള വിഷയാധിഷ്ഠിത പ്രഭാഷണം നിർവഹിച്ചു. ഇന്ത്യൻ സഹകരണസ്ഥാപനങ്ങളിൽ നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയന്റെ പങ്കിനെപ്പറ്റി എൻ.സി.യു.ഐ ചീഫ് എക്സിക്യൂട്ടീവ് ഡോ. സുധീർ മഹാജൻ സംസാരിച്ചു.