mazha
കനത്തുപെയ്ത മഴയിൽ മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ റോഡിലുണ്ടായ വെള്ളക്കെട്ട്

ജില്ലയിൽ യെല്ലോ അലർട്ട്

കോഴിക്കോട്: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായതോടെ ജില്ലയിൽ നിർത്താതെ മഴ. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. യെല്ലോ അലർട്ടായിരുന്ന ഇന്നലെ രാവിലെ തുടങ്ങിയ മഴ രാത്രിയിലും തുടർന്നു. നഗരത്തിലും ഇന്നലെ രാവിലെ മുതൽ കനത്ത മഴയായിരുന്നു. കിഴക്കൻ മലയോര പ്രദേശങ്ങളിൽ മഴ ശക്തമായതോടെ ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും നിറഞ്ഞു. പുഴകളിൽ വെള്ളം ഇരച്ചെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നഗരത്തിൽ മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ റോഡ് പതിവ് പോലെ വെള്ളത്തിൽ മുങ്ങി. വെസ്റ്റ്ഹിൽ ചുങ്കം, ശ്രീകണ്ഠേശ്വരം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കടലാക്രമണ ഭീഷണിയുള്ളതിനാൽ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

തീരമേഖലയിൽ ജാഗ്രത നിർദ്ദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിനശിച്ചു. ജില്ലയിൽ ഇന്നും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത ഇന്നുമുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയും പ്രതീക്ഷിക്കുന്നു. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ ഇടയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം ആളുകൾ മാറി താമസിക്കണം.

ജില്ലയിൽ മഴ കൂടുതൽ

76 %

ഒക്ടോബർ ഒന്ന് മുതൽ ഇന്നു വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിൽ. 76 ശതമാനം അധിക മഴയാണ് ഇത്തവണ ജില്ലയിൽ ( 286.7 മില്ലീമീറ്റർ) ലഭിച്ചത്. സാധാരണ ഇക്കാലയളവിൽ 163.1 മില്ലീ മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ഇതിൽ തന്നെ ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത് മലയോര മേഖലയിലാണ്. രണ്ടാമത് കൂടുതൽ മഴ ലഭിച്ചത് മാഹിയിലാണ്. 70 ശതമാനം അധികം.