 
കോഴിക്കോട്: നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസിന്റെ (എൻ.എ.ബി.എച്ച്) പട്ടികയിൽ ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ഒമ്പത് ആയുർവേദ, ഹോമിയോ വെൽനസ് സെന്ററുകളും. മാവൂർ, ചക്കിട്ടപ്പാറ (ചെമ്പനോട), ഉള്ള്യേരി, ചേളന്നൂർ, എടച്ചേരി എന്നിവിടങ്ങളിലെ അഞ്ച് ആയുർവേദ ഡിസ്‌പെൻസറികളും കീഴരിയൂർ (നമ്പ്രത്തുകര), അത്തോളി, കക്കോടി, എടച്ചേരി എന്നീ നാല് ഹോമിയോപതി ഡിസ്‌പെൻസറികളുമാണ് പട്ടികയിലുള്ളത്.
ഇവിടങ്ങളിൽ ഇന്ന് മുതൽ 19 വരെ കേന്ദ്ര സംഘം പരിശോധന നടത്തുമെന്ന് ദേശീയ ആയുഷ് മിഷൻ ഭാരവാഹികൾ അറിയിച്ചു. ദേശീയ ആയുഷ് മിഷൻ അനുവദിക്കുന്ന ധനസഹായത്തോടെയാണ് ആയുഷ്മാൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ഒരുക്കിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ദേശീയ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം ഓഫീസർ ഡോ. അനീന പി. ത്യാഗരാജ്, ഹോമിയോപ്പതി ജില്ല മെഡി. ഓഫീസർ ഡോ. കവിത പുരുഷോത്തമൻ, ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ശ്രീലത, ഡോ. ജിതേഷ് രാജ്, ഡോ.യു നിഖിൽ, ഡോ. അനു പ്രസാദ് എന്നിവർ പങ്കെടുത്തു.