
 ഫറോക്ക്: പതിനൊന്നു വർഷങ്ങൾക്ക് മുൻപ് ചെറുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  മോഷണം നടത്തി മുങ്ങിയ ഫറോക്ക് മണ്ണൂർ സ്വദേശി സുബീഷ് (32)നെ നല്ലളം പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി.  2013 ൽ  സ്കൂളിൻെറ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ് ടോപ്പ്, ക്യാമറ മുതലായവ കളവ് നടത്തി മുങ്ങിയ പ്രതിയാണ് നല്ലളം പൊലീസിൻ്റെ പിടിയിലായത്. മോഷണം നടന്ന സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച വിരലടയാള രേഖകൾ പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി കഴിഞ്ഞ ദിവസം മണ്ണൂരിലുള്ള വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പ്രതി ഫറോക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസിലും പ്രതിയാണ്. ഫറോക്ക് എ.സി.പി. എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എസ്.ഐ.മാരായ അബ്ബാസ്, മനോജ്, എസ്.സി.പി.ഒ പ്രവീൺ എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.