chekadi
ചേകാടി താഴശ്ശേരിനഗർ നിവാസികൾ കാട്ടുപാതകൾ താണ്ടി കുടിവെള്ളം ശേഖരിച്ച് കൊണ്ടുവരുന്നു

പുൽപ്പള്ളി: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ചേകാടിയിലെ താഴശ്ശേരിനഗർ നിവാസികൾ കുടിവെള്ളത്തിനായി സഞ്ചരിക്കേണ്ടത് കൊടുംകാട്ടിലൂടെ. ഒന്നര കിലോമീറ്റർ വനത്തിലൂടെയും അരകിലോമീറ്റർ ചെളിവയലിലൂടെയും സഞ്ചരിച്ച് കുറുവാ ദ്വീപിന് സമീപമുള്ള പുഴയിൽ നിന്നുമാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. വെള്ളം തലയിൽ ഏറ്റി ഇടുങ്ങിയതും കുഴികളും നിറഞ്ഞ കാട്ടിലൂടെ നടന്നാണ് ഇവർ കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. ഒരു കുടം നിറയെ വെള്ളം എടുത്താൽ ചുമക്കുവാൻ ബുദ്ധിമുട്ടുള്ളതിനാൽ മിക്കവരും മുക്കാൽ ഭാഗം മാത്രമേ വെള്ളം എടുക്കൂ. അല്ലെങ്കിൽ ഇത്രയും ദൂരം താണ്ടുവാൻ സാധിക്കില്ല എന്നാണ് ഇവർ പറയുന്നത്. വാട്ടർ ടാങ്കിൽ നിന്നും വെള്ളമെത്തുന്ന പൈപ്പുകൾ ജൽജീവൻ പദ്ധതിക്കായി കുഴിയെടുക്കുമ്പോൾ പൊട്ടിപോയതാണ് ഇവരുടെ കുടിവെള്ളമുട്ടാൻ കാരണം. 2013 ൽ താഴെശ്ശേരി വയലിനരികിൽ നിർമിച്ച കുളത്തിൽ നിന്നുമാണ് നഗറിലേക്ക് വെള്ളമെത്തികൊണ്ടിരുന്നത്. എന്നാൽ പൈപ്പുകൾ പൊട്ടിയതുകൊണ്ട് വേണ്ടത്ര വെള്ളം ശേഖരിക്കാനും ഇവ‌ർക്ക് കഴിയുന്നില്ല. മാത്രവുമല്ല ടാങ്കിലേക്ക് വെള്ളം അടിക്കുന്നത് നാല് ദിവസം കൂടുമ്പോൾ ഒരിക്കൽ മാത്രമാണ്. ഏകദേശം 80 ഓളം വീടുകളുള്ള താഴെശ്ശേരി നഗറിലെ ആളുകൾക്ക് ആവശ്യമായ വെള്ളം ഇതിലൂടെ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കേണ്ടി വരുന്നത്. എപ്പോഴും ആനകൾ സഞ്ചരിക്കുന്ന കാട്ടിലൂടെ വെള്ളവും തലയിലേറ്റിയുള്ള യാത്ര ജീവൻ മരണ പോരാട്ടം ആണെന്നാണ് സ്ത്രീകൾ പറയുന്നത്. ഏതുനിമിഷവും എവിടെ നിന്നും വന്യമൃഗങ്ങൾ കടന്നു വരുവാൻ സാധ്യതയുള്ള വനത്തിലൂടെയാണ് ഇവർ വെള്ളം എടുക്കാൻ പോകുന്നത്. വനം കഴിഞ്ഞാൽ ചെളി നിറഞ്ഞ വയലിലൂടെ കടന്നുപോയാൽ മാത്രമേ പുഴയിൽ നിന്നും വെള്ളം എടുക്കുവാൻ സാധിക്കുകയുള്ളൂ. വലിയ ദുരിതമാണ് ഇവിടുത്തുകാർ സഹിക്കുന്നത്. നിരവധിതവണ വാർഡ് മെമ്പറുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചെങ്കിലും മെമ്പറോ പഞ്ചായത്തോ ഈ വിഷയത്തിൽ ഇതുവരെയും ഇടപെട്ടിട്ടില്ല എന്നാണ് ആളുകൾ പറയുന്നത്. എന്തായാലും കുടിവെള്ളത്തിനായി ഇത്രയും ദുരിതമനുഭവിക്കുന്ന ആളുകളുള്ള പ്രദേശം പുൽപ്പള്ളിയിൽ മറ്റൊരിടത്തും ഉണ്ടാകില്ല എന്നാണ് ഇവിടുത്തെ സ്ത്രീകൾ പറയുന്നത്.

ചേകാടി താഴശ്ശേരിനഗർ നിവാസികൾ കാട്ടുപാതകൾ താണ്ടി കുടിവെള്ളം ശേഖരിച്ച് കൊണ്ടുവരുന്നു