 
പുൽപ്പള്ളി: അത്യപൂർവ്വമായ കൗതുകത്തിനാണ് പുൽപ്പള്ളിയിലെ വീട്ടിമൂലയ്ക്ക് സമീപം ഇലക്ട്രിക് കവലയിലെ പാറപ്പുറത്ത് സുരേന്ദ്രന്റെ മുറ്റം സാക്ഷ്യം വഹിക്കുന്നത്. അസാധാരണ വലിപ്പമുള്ള രണ്ട് കൂണുകൾ ഇവരുടെ വീടിന്റെ മുറ്റത്ത് മുളച്ച് പൊന്തിയിട്ടുണ്ട്. വെളുത്ത നിറം, വട്ടത്തിലുള്ള രൂപം, വളരെ മൃദുവായ മാംസ ഭാഗങ്ങൾ എന്നിവയാണ് ഇവയ്ക്കുള്ളത്. ഒരെണ്ണമാണ് വളർന്നുകൊണ്ടിരിക്കുന്നത്. സാധാരണ കൂണുകൾ മണ്ണിനടിയിൽ നിന്നും പൊട്ടി പുറത്തു വന്നാൽ ഒരു ദിവസം മാത്രമേ ആയുസ്സ് ഉണ്ടാകൂ. എന്നാൽ ഈ കൂണ് മണ്ണിനടിയിൽ നിന്നും പുറത്തുവന്നതിനുശേഷം വളരുന്നതായിട്ടാണ് കാണുന്നത്. ഏകദേശം രണ്ടടി ചുറ്റളവ് ഇതിനുണ്ട് എന്നതാണ് വിസ്മയിപ്പിക്കുന്നത്. മാത്രമല്ല ഒറ്റനോട്ടത്തിൽ വലിയപച്ച തിരണ്ടി മീനിനെ മലർത്തിയിട്ടതുപോലെയുള്ള ഒരു രൂപമാണ് ഇതിനുള്ളത്. ഇതിനുമുമ്പ് ആരും ഇത്തരം കൂണ് ഇവിടെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ പേരും വ്യക്തമല്ല. പരന്ന കൂൺ, വട്ടക്കൂൺ എന്നൊക്കെ പേരിട്ടാണ് ആളുകൾ വിളിക്കുന്നത്. കൗതുകത്തോടെ കാണാൻ എത്തുന്ന നാട്ടുകാർ കണ്ടുകഴിയുമ്പോൾ വിസ്മയത്തോടെയാണ് തിരിച്ചു പോകുന്നത്. ഇത്തരം കൂൺ സംബന്ധിച്ച് ഗൂഗിളിൽ തെരയുമ്പോൾ ഇത് ഫ്രാൻസിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മാത്രം ചിലയിടങ്ങളിൽ കണ്ടുവരുന്നത് ആയിട്ടാണ് കാണുന്നത്. ശാസ്ത്രീയമായ പേര് ആസ്‌പ്രോ പാക്സിലസ് ജൈജാന്റസ് എന്നാണ് . അതായത് നമ്മുടെ നാട്ടിൽ ഇത്തരമൊന്നിനേക്കുറിച്ച് ഒരു വിവരവും ഇല്ല എന്നുള്ളതാണ് പ്രാഥമികമായ അറിവ്. എന്തായാലും കൗതുകത്തിന് പുറമേ എന്തുകൊണ്ട് ഇത്തരം കൂണുകൾ ഇവിടെ വളരുന്നു എന്നതും പഠിക്കേണ്ട വിഷയമാണ്എന്നു നാട്ടുകാർ പറയുന്നു. കാലാവസ്ഥ വ്യതിയാനം ആണോ, മണ്ണിന്റെ ഘടനയിൽ വന്ന വ്യത്യാസമാണോ, അതോ മറ്റെന്തെങ്കിലും ആണോ എന്നും കണ്ടെത്തേണ്ടതുണ്ട്. എന്തായാലും നിരവധി ആളുകൾ ഈ കൂൺ കാണുന്നതിനുവേണ്ടി ഇലക്ട്രിക് കവലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വീട്ടിമൂലയ്ക്ക് സമീപം ഇലക്ട്രിക് കവലയിലെ പാറപ്പുറത്ത് സുരേന്ദ്രന്റെ വീട്ട്മുറ്റത്തുണ്ട അസാധാരണ വലിപ്പമുള്ള കൂൺ