 
കൽപ്പറ്റ: ജില്ലയിലെ ഗോത്ര ജനതയ്ക്ക് കുറുന്തോട്ടി ശേഖരണത്തിന്റെ കാലമാണിത്. മുൻവർഷങ്ങളെ കാൾ മികച്ച വിലയാണ് കുറുന്തോട്ടിക്ക് ഇപ്പോൾ ലഭിക്കുന്നത്. കിലോയ്ക്ക് 20 രൂപ വരെ പച്ച കുറുന്തോട്ടിക്ക് ലഭിക്കുന്നുണ്ട്. മഴ കുറഞ്ഞതിനാൽ ഏതാണ്ട് മാസക്കാലം കുറുന്തോട്ടി അനായാസം പറിച്ചെടുക്കാനാകും. വയനാടൻ കാടുകളിൽ കുറുന്തോട്ടിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. വന്യമൃഗ ശല്യം രൂക്ഷമായതിനാൽ കൂടുതൽ പേരും റോഡരികിൽ നിന്നും മറ്റുമാണ് കുറുന്തോട്ടി ശേഖരിക്കുന്നത്.
കുറുന്തോട്ടി, ചുണ്ട, തേൻ തുടങ്ങിയ വന വിഭവങ്ങൾ ശേഖരിച്ചാണ് നിരവധിപേർ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. കൂടുതലായും കുറുന്തോട്ടിയാണ് ശേഖരിക്കുന്നത്. ആയുർവേദ മരുന്ന് നിർമ്മാണത്തിനായി ടൺ കണക്കിന് കുറുന്തോട്ടിയാണ് ജില്ലയിൽ നിന്നും കയറ്റി പോകുന്നത്. ആദിവാസി സഹകരണ സംഘങ്ങളാണ് വനവിഭവങ്ങൾ ശേഖരിക്കുന്നത്.
കുറുന്തോട്ടിക്ക് മുൻപത്തേക്കാൾ മികച്ച വില ലഭിക്കുന്നതിനാൽ മോശമല്ലാത്ത വരുമാനം ലഭിക്കുന്നുണ്ട്. തുടർച്ചയായി മഴ ലഭിച്ചതിനാൽ ഇപ്പോൾ കുറുന്തോട്ടി പറിച്ചെടുക്കാൻ എളുപ്പമാണ്. മഴ മാറി വേനൽ ശക്തമാകുന്നതോടെ കുറുന്തോട്ടി പറിച്ചെടുക്കാൻ പ്രയാസമാകും. പരമാവധി ഒരു മാസക്കാലം മോശമല്ലാത്ത വരുമാനം ലഭിക്കുമെന്ന് ഇവർ പറയുന്നു.
നേരത്തെ വനമേഖലകളിൽ ആയിരുന്നു കുറുന്തോട്ടി ശേഖരിച്ചിരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇപ്പോൾ റോഡരികിലും കാടുമുടി കിടക്കുന്ന പ്രദേശങ്ങളിലുമൊക്കെയാണ് കുറുന്തോട്ടി തേടി ഇവരെത്തുന്നത്. നേരത്തെ 10 മുതൽ 15 രൂപ വരെയായിരുന്നു കുറുന്തോട്ടിക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ 20 രൂപ വരെ വില ലഭിക്കുന്നതിനാൽ കൂലി കണ്ടെത്താൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.
കൽപ്പറ്റയിൽ കുറുന്തോട്ടി ശേഖരിക്കുന്ന സ്ത്രി