q

കോഴിക്കോട്: അടുത്ത വ്യവസായ യുഗത്തിലെ ഉത്പാദന ബന്ധങ്ങളെയും സംഘടനാ രൂപങ്ങളെയുംപറ്റി ഗൗരവമേറിയ ചിന്തകൾ പങ്കുവച്ച് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ-പസഫിക്കിന്റെ ഗവേഷണ സമ്മേളനത്തിനു തുടക്കം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ആരംഭിച്ച അന്താരാഷ്ട്ര സഹകരണ സമ്മേളനത്തിലെ പ്രധാനഭാഗമാണ് ഐ.സി.എ ഏഷ്യ-പസഫിക് സമ്മേളനം. കോഴിക്കോട് ഐ.ഐ.എമ്മുമായി ചേർന്നാണ് സമ്മേളനം.

രാജ്യത്തെ 11 സംസ്ഥാനങ്ങളിൽനിന്നുള്ള 170 യുവസംരംഭകർ മാറ്റുരയ്ക്കുന്ന നൂതനാശയ മത്സരമായ കോ-ഓപ് പിച്ചിനും തുടക്കമായി. മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജി അദ്ധ്യക്ഷനായി. ഐ.സി.എ ഏഷ്യ പസഫിക് മേഖലാഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ ആഗോളതലത്തിൽ സഹകരണസ്ഥാപനങ്ങൾ അറിവു പങ്കുവയ്ക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. ഐ.ഐ.എം ഡീൻ പ്രൊഫ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.