കോഴിക്കോട്: ''ഗുരുക്കന്മാരുടെയും ഭഗവതിയുടെയും അനുഗ്രഹമാണ് പുതിയ നിയോഗം. അതിൽ കടപ്പെട്ടിരിക്കുന്നു."" മാളികപ്പുറം മേൽശാന്തിയാവാൻ നിയുക്തനായ ടി. വാസുദേവൻ നമ്പൂതിരി പറഞ്ഞു. വർഷങ്ങളായുള്ള ആഗ്രഹം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ഏഴാം തവണയാണ് ശബരിമല മേൽശാന്തി നറുക്കെടുപ്പിന് അപേക്ഷിക്കുന്നത്. 2012 ൽ ആദ്യമായി അപേക്ഷിച്ചു. കൊവിഡ് വന്നപ്പോൾ നിറുത്തി. പിന്നീട് ഇക്കൊല്ലം അപക്ഷിക്കുകയായിരുന്നു.
പന്തീരങ്കാവ് കെെമ്പാലം തിരുമംഗലത്ത് ഇല്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനാണ് 54 കാരനായ വാസുദേവൻ. 1988-92 കാലയളവിൽ മലപ്പുറം പൂക്കോട്ടൂർ കക്കാട് ഇല്ലത്തിൽ സുബ്രമണ്യൻ നമ്പൂതിരിയിൽ നിന്നാണ് താന്ത്രികവിദ്യകൾ അഭ്യസിച്ചത്. കുറുവണ്ണൂർ എടക്കാട് വാസുദേവൻ നമ്പൂതിരി (തന്ത്രവിദ്യാപീഠം, ആലുവ)യിൽ നിന്ന് ശബരിമല മാളികപ്പുറം പ്രത്യേക പൂജകളും സ്വായത്തമാക്കി. പന്തീരങ്കാവ് വിഷ്ണുക്ഷേത്രത്തിൽ 15 വർഷം മേൽശാന്തിയായി. ചാലപ്പുറം ശ്രീകൃഷ്ണക്ഷേത്രം, ഒളവണ്ണ പാലക്കുറുമ്പ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും മേൽശാന്തിയായിരുന്നു. മാങ്കാവ് ത്രിശാല ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തിയായി 17 ദിവസമായപ്പോഴാണ് പുതിയ നിയോഗം. ഭാര്യ: ശ്രീവിദ്യ. മക്കൾ: ജയദേവ് (മെെജി ഹെഡ് ഓഫീസ് കോഴിക്കോട്), ദേവാനന്ദ് (പ്ലസ് ടു വിദ്യാർത്ഥി, പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ).