കോഴിക്കോട്: മഴയും വെയിലും ഇടവിട്ടെത്തുന്നതോടെ ജില്ലയിൽ ഡെങ്കി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആരോഗ്യ വകുപ്പിന്റെ വെബ്സെെറ്റിലെ കണക്കനുസരിച്ച് ഈ മാസം 18 വരെ 328 പേരാണ് ഡെങ്കിപ്പനിക്ക് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 91 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി 237 പേരെത്തി. കടുത്ത പനിയും തൊണ്ടവേദനയും ശരീര വേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങളുമായാണ് നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികൾ എത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡെങ്കി ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. കക്കോടി, പേരാമ്പ്ര, നടുവണ്ണൂർ, പുതിയങ്ങാടി, രാമനാട്ടുകര, ബാലുശ്ശേരി, നൊച്ചാട്, ബേപ്പൂർ, ഒളവണ്ണ, കല്ലായി തുടങ്ങിയ മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതലായും സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും മഞ്ഞപ്പിത്തവും ആളുകളെ ആശങ്കയിലാക്കുന്നുണ്ട്. 12 പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. 9 പേർ രോഗലക്ഷണങ്ങളുമായെത്തി. മാലിന്യസംസ്കരണവും കൊതുകു നിർമാർജനവും പാളുന്ന താണ് രോഗം വ്യാപിക്കാൻ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
നിയന്ത്രണം പാളുന്നോ?
രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്നുണ്ടെങ്കിലും ചികിത്സ തേടുന്നവരുടെ കൃത്യമായ കണക്ക് പുറത്തു വിടാൻ ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ല. റിപ്പോട്ട് ചെയ്യപ്പെടുന്നതിന്റെ നാലിലൊന്ന് കണക്കുകൾ പോലും ആരോഗ്യ വകുപ്പ് വൈ ബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്ത സാഹചര്യമാണ്. വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം 18ന് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത് 14 പേർ മാത്രമാണ്. മഞ്ഞപ്പിത്ത കേസിൽ 12 പേരുടെ കണക്കും നൽകിയിട്ടുണ്ട്. എന്നാൽ ഇരട്ടിയിലധികം കേസുകൾ പുറത്തുണ്ടെന്നാണ് വിവരം. ഇതിൽ മഞ്ഞപ്പിത്ത കേസുകളുടെ കൃത്യമായ വിവരവും സൈറ്റിൽ ലഭ്യമല്ല. കാക്കൂർ പൊലീസ് സ്റ്റേഷനിലെ 12 പേർക്കാണ് കഴിഞ്ഞയാഴ്ചയിൽ മഞ്ഞപ്പിത്തബാധയുണ്ടായത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കം സർക്കാർ ആശുപത്രികളിൽ വരുന്ന പകർച്ച വ്യാധികളുടെ കണക്കാണ് വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സതേടുന്നവർ ഈ കണക്കുകളിൽ പെടില്ല.
വേണം കൂട്ടായ പ്രവർത്തനം
ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. അതിനാൽ കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. വീടിനും പരിസരങ്ങളിലും കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുക. ആഴ്ചയിലൊരിക്കൽ ഡ്രെെഡേ ആചരിച്ച് കൊതുകിന്റെ ഉറവിടം ഇല്ലാതാക്കുക. ജില്ലയിൽ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. രോഗം സ്ഥിരീകരിച്ചവർ സ്വയ ചികിത്സയ്ക്ക് മുതിരാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.