 
കോഴിക്കോട്: രോഗികൾക്ക് ആശ്വാസം ഇനി ഒ.പി ടിക്കറ്റിനായി മണിക്കൂറുകൾ വരി നിൽക്കേണ്ട. ഒപി ടിക്കറ്റ് ഓൺലൈൻ വഴി വീട്ടിലിരുന്ന് റജിസ്റ്റർ ചെയ്യാവുന്ന ഇ -ഹെൽത്ത് കേരള പദ്ധതിയ്ക്ക് ഗവ. മെഡി. കോളേജിൽ പരീക്ഷണാ
ടിസ്ഥാനത്തിൽ തുടക്കമായി. ഒ.പി രജിസ്ട്രേഷൻ, അഡ്മിഷൻ, ഡിസ്ചാർജ്, ബില്ലിംഗ് എന്നിവയാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ഇ- ഹോസ്പിറ്റൽ സംവിധാനം വഴി നടപ്പാക്കുന്നത്. ഒപി രജിസ്ട്രേഷൻ ടിക്കറ്റുകൾ ഇ ഹെൽത്ത് മുഖേനയും അഡ്മിഷൻ, ഡിസ്ചാർജ്, ബില്ലിംഗ് എന്നിവ താത്കാലികമായി ഒരു മാസത്തേക്ക് ഇ-ഹോസ്പിറ്റൽ സംവിധാനത്തിലും നടപ്പാക്കാനാണ് തീരുമാനം. ഒ.പി രജിസ്ട്രേഷനാണ് ഇന്നലെ നടന്നത്. രോഗികളുടെ ആധാർ കാർഡ് ഉപയോഗിച്ച് ഓൺലെെനായി രജിസ്റ്റർ ചെയ്യുകയും ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയൽ നമ്പർ (യു.എച്ച്.ഐ.ഡി) നൽകി ടിക്കറ്റുകൾ നൽകുകയും ചെയ്തു. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് നമ്പർ സ്കാൻ ചെയ്തുമാണ് ഒ.പി ടിക്കറ്റ് നൽകിയത്. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആശുപത്രി സേവനങ്ങൾ പൂർണമായും ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നതോടെ ഇ-ഹെൽത്ത് കാർഡുമായി എത്തുന്ന രോഗിയുടെ മുഴുവൻ ആരോഗ്യചരിത്രവും ഡിജിറ്റലായി ഡോക്ടർക്ക് ലഭിക്കും, രോഗികൾ മെഡിക്കൽ രേഖകൾ കൈയിൽ കരുതേണ്ട, ഡോക്ടറെ കാണാൻ ഓൺലൈൻ ബുക്കിംഗ്, പണമടയ്ക്കാൻ ഡിജിറ്റൽ സംവിധാനം, ചികിത്സാനുകൂല്യം യഥാർത്ഥ ഗുണഭോക്താവിന് ഉറപ്പാക്കൽ, ആരോഗ്യവകുപ്പിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ അതിവേഗം ലഭ്യമാക്കൽ തുടങ്ങിയവയും സാദ്ധ്യമാകും. ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നതോടെ ഡിസ്ചാർജ് സമ്മറി അതതു ഡോക്ടർമാർക്ക് മാത്രമേ രേഖപ്പെടുത്താനാവൂ. അതിനാൽ പൊതുവായ ഡിസ്ചാർജ് കൗണ്ടറുകൾ ഓരോ നിലയിലും തയാറാക്കും. സംവിധാനത്തിൽ എന്തെങ്കിലും തടസം നേരിട്ടാൽ മാന്വലായി അഡ്മിഷൻ, ബില്ലിംഗ്, ഡിസ്ചാർജ് എന്നിവ ചെയ്യാം. നിലവിൽ നെഞ്ചുരോഗാശുപത്രിയിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പീഡിയാട്രിക് സർജറിയും ഇ ഹെൽത്ത് സംവിധാനത്തിലൂടെയാണ് നടക്കുന്നത്.