നാദാപുരം: രണ്ടിടങ്ങളിൽ കിണറിൽ അകപ്പെട്ട പശുക്കളെ നാദാപുരം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ മുള്ളമ്പത്ത് നിന്നാണ് ഫയർ ഫോഴ്സ് യൂണിറ്റിലേക്ക് ആദ്യ വിളിയെത്തുന്നത്. കുനിയൽ അശോകന്റെ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി അഗ്നിശമന സേനാ നിലയത്തിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് എടച്ചേരി നോർത്തിൽ കുളങ്ങരത്ത് ബാലന്റെ പശു കിണറിൽ വീണതായി വിവരം ലഭിക്കുന്നത്. അസി. സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സേനയിലെ ഷിഗിൻ ചന്ദ്രൻ, വൈഷ്ണവ് ജിത്ത് എന്നിവർ കിണറ്റിലിറങ്ങി ഹോസ് റോപ്പ് ഉപയോഗിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ പരിക്കുകൾ ഇല്ലാതെ പുറത്തെത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, സജി ചാക്കോ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജീഷ്, ഷാഗിൽ, സുദീപ്, ദിൽറാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.