സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടന്നുവന്ന പാർലമെന്റ് നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം രാഷ്ട്രീയ കക്ഷികൾ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായി ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടിയത് ദേശീയ പാത 766-ലെ രാത്രി യാത്ര നിരോധനമായിരുന്നു. രാത്രി യാത്ര നിരോധനം അധികാരത്തിലേറിയാൽ ഉടൻ പിൻവലിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ജനങ്ങൾക്ക് മുമ്പാകെ ആണയിട്ട്‌കൊണ്ടാണ് വോട്ട് അഭ്യർത്ഥന നടത്തിവന്നത്. എന്നാൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറി മാറി രാഷ്ട്രീയ കക്ഷികൾ അധികാരത്തിലേറിയെങ്കിലും ഇതു സംബന്ധിച്ച ഒരു നടപടിയുമുണ്ടായില്ല. പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. രാത്രി യാത്ര നിരോധനം വീണ്ടും ഇപ്പോൾ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ച്രചരിക്കാൻ തുടങ്ങി. 2009 ജൂലായ് 27 നാണ് സുൽത്താൻ ബത്തേരി വഴി കർണാടകയിലെ ബന്ദിപ്പുരിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ കേരള അതിർത്തിയായ മൂലഹളമുതൽ മഥൂർ വരെയുള്ള 19.5 കിലോമീറ്റർ ദൂരത്തിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയത്. കർണാടക ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ 2004 മുതൽ 2007 വരെ വാഹനമിടിച്ച് 91 വന്യമൃഗങ്ങൾ കൊല്ലപ്പെട്ടുവെന്ന പരാതിയെ തുടർന്ന് അന്നത്തെ ചാമരാജ് നഗർ ജില്ലാ കളക്ടറാണ് മൂലഹള മുതൽ മഥുർ വരെ രാത്രി യാത്ര നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും, പരിസ്ഥിതി പ്രവർത്തകർ വീണ്ടും ഹർജിയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചതോടെ ചാമരാജ് ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇതോടെ അഴിയാ കുരുക്കായി രാത്രി യാത്ര നിരോധനം മാറി.
ഓരോ പാർലമെന്റ് നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോഴും പ്രധാന വിഷയമായി രാഷ്ട്രീയപാർട്ടികൾ ഉപയോഗിച്ച് വന്നത് രാത്രി യാത്ര നിരോധനവും, നഞ്ചൻകോട് -നിലമ്പൂർ-വയനാട് റെയിൽവേയുമാണ്. ഈ രണ്ട് വിഷയങ്ങളും കത്തിച്ചാണ് രാഷ്ട്രീയ പാർട്ടികൾ വയനാട്ടിലെ വോട്ടർമാരെ സമീപിക്കുന്നത്. ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദ്ദിഷ്ട നഞ്ചൻകോട്നിലമ്പൂർ റെയിൽപാതയുടെ സർവ്വേ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് സമയം നീട്ടി. ഡിസംബർ 16-നകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ദേശീയപാത 766-ലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജസ്റ്റീസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. നിരോധിത മേഖലയിൽ പ്രത്യേകാനുമതിയോടെ സർവീസ് നടത്താവുന്ന ബസുകളുടെ എണ്ണത്തിൽ വർദ്ധന ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ഈ വിഷയത്തിൽ രാഷ്ട്രീയപാർട്ടികൾ ഇതുവരെ ഒന്നും ചെയ്തില്ലെന്നകാരണം പറഞ്ഞ് ഒരു വിഭാഗം ആളുകൾ വോട്ട് ബഹിഷ്‌ക്കരണവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.