clt
ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഓവറോൾ കിരീടം ചൂടിയ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീം

കലാതിലകം എവിലിൻ മേരി ജോസഫ്, വി. നന്ദന

പെരിയ (കാസർകോട്): ഉദുമ പെരിയ സീനെറ്റ് കോളേജിൽ നടന്ന ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ തുടക്കം മുതൽ വ്യക്തമായ മേധാവിത്വം നിലനിർത്തി കുതിച്ച കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓവറോൾ കിരീടം ചൂടി. 218 പോയിന്റ് നേടിയാണ് മെഡിക്കൽ കോളേജ് ടീം കിരീടം അണിഞ്ഞത്.

72 പോയിന്റുകൾ സ്വന്തമാക്കിയ കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് രണ്ടാം സ്ഥാനവും 60 പോയിന്റുകൾ നേടിയ കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളേജ് മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എവിലിൻ മേരി ജോസഫ്, വി. നന്ദന എന്നിവർ കലാതിലകമായി.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സിനിമ താരം പി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. സീനെറ്റ് കോളേജ് പ്രിൻസിപ്പാൾ ജെയിംസ് ചാക്കോ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്മിത റാണി, പി.ടി.എ പ്രസിഡന്റ് ബാബു കല്ല്യോട്ട്, കൺവീനർ കെ. പ്രണവ്, യൂണിയൻ ചെയർപേഴ്സൺ കനിഷ്ക എന്നിവർ പ്രസംഗിച്ചു.