മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരത്തിന് ഒരുങ്ങുന്നു. മേപ്പാടി സി.എസ്.ഐ ദേവാലയ ഹാളിൽ നടന്ന ദുരന്തബാധിതരുടെ യോഗത്തിലാണ് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. ആലക്കൽ നസീർ (ചെയർമാൻ), ഷാജിമോൻ ചൂരൽമല (കൺവീനർ) എന്നിവർ അടങ്ങുന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. യോഗത്തിൽ 400 ഓളം ദുരന്തബാധിതർ പങ്കെടുത്തു. പുനരധിവാസത്തിനായി കണ്ടെത്തിയ രണ്ട് സ്ഥലങ്ങളും ഏറ്റെടുക്കുന്നതിന് നിലവിൽ പ്രതിസന്ധി നേരിടുകയാണ്. അടിയന്തര ധനസഹായ വിതരണം പൂർത്തീകരിച്ചിട്ടില്ല. മാസ വാടക കുടിശ്ശികയായി. ജീവനോപാധി എന്ന നിലയിൽ ദിവസം 300 രൂപ അനുവദിക്കുന്നത് ആദ്യ ഒരു മാസം കൊണ്ട് തന്നെ നിലച്ചു. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ദുരന്തബാധിതർ പറയുന്നത്. ഉപതിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ തങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ദുരന്തബാധിതർ പറയുന്നു. നേരത്തെ ലഭിച്ചിരുന്ന സഹായംപോലും ഇപ്പോൾ ലഭിക്കുന്നില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തന്നെ സഹായവിതരണം ഒന്നും നടക്കുന്നില്ല. പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും പ്രതിസന്ധിയിലാണ്. ഡോ. ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് ദുരന്തബാധിതരിൽ വലിയ ആശയെ കുഴപ്പമാണ് സൃഷ്ടിച്ചിട്ടുള്ളത്.

പുനരധിവാസ പട്ടികയിൽ നിന്നും തങ്ങൾ പുറത്താകുമോ എന്ന ആശങ്ക ഭൂരിഭാഗം ദുരന്തബാധിതർക്കും ഉണ്ട്. ജില്ലാ കളക്ടർ ചെയർപേഴ്സൺ ആയ സമിതി ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കാനായി സർവേ നടത്താൻ ഒരുങ്ങുമ്പോൾ ദുരന്തബാധിതർ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് സർവ്വേ നിർത്തിവെച്ചിരിക്കുകയാണ്. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ദുരന്തം നടന്ന് 80 ദിവസത്തോളം പിന്നിടുകയാണ്.

ഇതാണ് സാഹചര്യമെങ്കിൽ ഒരു വർഷം പൂർത്തിയാകുമ്പോഴും പുനരധിവാസം സാധ്യമല്ലാത്ത സാഹചര്യമുണ്ടാകും. അതിനാൽ തന്നെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ആക്ഷൻ കമ്മിറ്റി.യോഗത്തിൽ നസീർ ആലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ, ഷാജിമോൻ ചൂരൽമല, പി.കെ. സുധാകരൻ, ജയേഷ് ചുരുമല, സി. സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.