prathikal

കൊയിലാണ്ടി: കാട്ടിലപീടികയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടി വിതറി പണം തട്ടിയ സംഭവത്തിൽ ട്വിസ്റ്റ്. പരാതിക്കാരനായ തിക്കോടി ആവിക്കൽ റോഡിൽ സുഹന മൻസിലിൽ സുഹൈലാണ് (25) സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഇയാളെയും സുഹൃത്തുക്കളായ കോടിക്കൽ ഉമ്മർ വളപ്പിൽ മുഹമ്മദ് താഹയേയും (27),​ തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസറുവിനേയും (20) പൊലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് താഹയിൽ നിന്ന് 37 ലക്ഷം രൂപയും കണ്ടെടുത്തു. കൊയിലാണ്ടി ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എ.ടി.എമ്മിൽ പണം നിറയ്ക്കാൻ പോയ സുഹൈലിനെ കാട്ടിലപീടികയിൽ കാറിൽ കൈകാലുകൾ ബന്ധിച്ച് ശരീരമാസകലം മുളകുപൊടി വിതറിയ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. അരിക്കുളം കുരിടിക്കിൽ വച്ച് രണ്ട് പർദ്ദ ധരിച്ച സ്ത്രീകൾ തന്നെ ആക്രമിച്ചെന്നും കാറിൽ കെട്ടിയിട്ട്, 25 ലക്ഷം കവർന്നെന്നും സുഹൈൽ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞു. എന്നാൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ 72,40,000 രൂപ കവർന്നെന്നാണ് രേഖപ്പെടുത്തിയത്. തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.

മാസങ്ങളായുള്ള പ്ലാനിംഗ്

മുഹമ്മദ് താഹ മാസങ്ങൾക്കുമുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണ് കവർച്ചയിലേക്ക് നയിച്ചത്. സാമ്പത്തിക പ്രശ്നം പരിഹരിക്കാനാണ് പണം കവർന്നത്. എ.ടി.എമ്മിൽ നിറയ്ക്കാൻ 62 ലക്ഷം രൂപയാണ് ഇയാളുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലെ വൈരുദ്ധ്യവും മെഡിക്കൽ പരിശോധനാഫലവും പൊലീസിന്റെ ജാഗ്രതയും പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ സഹായകമായെന്ന് വടകര എസ്.പി നിധിൻ രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നാലാമതൊരാൾ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ എ.ടി.എം നടത്തിപ്പുകാർ പൊലീസിൽ പരാതിയുമായി രംഗത്തെത്തി.

അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്

വടകര ഡിവൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ സി.ഐ.ശ്രീലാൽചന്ദ്രശേഖരനാണ് അന്വേഷണച്ചുമതല. അന്വേഷണത്തിന് സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐമാരായ വി.സി.ബിനീഷ്, വി.വി.ഷാജി, എസ്.സി.പി.ഒമാരായ പി.കെ.ശോഭിത്, ഇ.കെ.അഖിലേഷ്, കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.