 
തെറ്റായ മാപ്പിംഗിന് കാരണം ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവെന്ന്
സുൽത്താൻ ബത്തേരി: വന്യജീവി സങ്കേതത്തിന് ചുറ്റും പ്രഖ്യാപിച്ച ഇക്കോ സെൻസിറ്റീവ് സോൺ കരട് വിജ്ഞാപനത്തിനെതിരെയുള്ള പുനപരിശോധന മാപ്പിലും ജനവാസകേന്ദ്രങ്ങൾ. ഇക്കോ സെൻസിറ്റീവ് സോൺ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2021 ൽ പുറത്ത് വന്ന കരട് വിജ്ഞാപനത്തിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് വീണ്ടും പുനപരിശോധന നടത്തി മാപ്പ് തയ്യാറാക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് വയനാട് വന്യജീവി സങ്കേതം അധികൃതർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ മാപ്പിലിണ് ജനവാസകേന്ദ്രങ്ങൾ വീണ്ടും ഉൾപ്പെട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം സുൽത്താൻ ബത്തേരി സ്വദേശിക്ക് വനം വകുപ്പിൽ നിന്ന് ലഭിച്ചരേഖകളിലാണ് ഇത് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 11നും 13 നുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരള വനം വകുപ്പ് വന്യജീവി സങ്കേതത്തിൽ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള മാപ്പ് നൽകിയിരിക്കുന്നത്. സുൽത്താൻ ബത്തേരി നഗരസഭയിലെ ചെതലയം, നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട്, വള്ളുവാടി, മുക്കുത്തിക്കുന്ന് അടക്കമുള്ള ജനവാസമേഖലയാണ് വന്യജീവി സങ്കേതമായി കാണിച്ചിരിക്കുന്നത്. കൂടാതെ നിലവിലെ വന്യജീവി സങ്കേതം അതിർത്തിയിൽ നിന്ന് മാറിയുള്ള ജനവാസകേന്ദ്രങ്ങളും സങ്കേതമായി തന്നെയാണ് മാപ്പിൽ കാണിച്ചിട്ടുള്ളത്. സുൽത്താൻ ബത്തേരി പുൽപ്പള്ളി റൂട്ടിലും ദേശീയപാത 766 നും സമാന്തരമായി വന്യജീവി സങ്കേതത്തിന് പുറത്ത് കിടക്കുന്ന 100 മീറ്ററോളം വീതിയിൽ കിലോമീറ്ററുകൾ നീളത്തിൽ ജനവാസകേന്ദ്രങ്ങളും
നിലവിൽ നൽകിയ മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. വന്യജീവി സങ്കേതം ഓഫീസ് മുതൽ മൂന്നാം മൈൽ ചെക്ക്‌പോസ്റ്റ് വരെയുള്ള ദൂരത്തിലാണ് റോഡിന് വലതു ഭാഗം ശരാശരി നൂറ് മീറ്റർ വീതിയിൽ സങ്കേതത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുപോലെ മൂലങ്കാവ് എറളോട്ട്കുന്നിലും ജനവാസകേന്ദ്രം മാപ്പിൽ കാണിച്ചിരിക്കുന്നത് വന്യജീവി സങ്കേതമായാണെന്നാണ് കിഫ പ്രതിനിധി ആരോപിക്കുന്നത്. തെറ്റായ മാപ്പിംഗിന് കാരണം ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവാണെന്ന് സംശയിക്കപ്പെടുന്നു.
വിജ്ഞാപനം വരുന്നതിനുമുമ്പ് തിരുത്താൻ ആവശ്യമായ നടപടികൾ എടുത്തിട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.
ജനവാസകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന വനംവകുപ്പ് കേന്ദ്രത്തിന് സമർപ്പിച്ച പുതിയ മാപ്പ്