ചുണ്ടേൽ: ആനപ്പാറയിൽ കടുവ ഇറങ്ങി മൂന്ന് പശുക്കളെ കൊലപ്പെടുത്തി. ചുണ്ടവയൽ നൗഫലിന്റെ പശുക്കളെയാണ് കടുവ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തേയില തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികളാണ് പശുവിന്റെ ജഡം കണ്ടത്. ഒരു പശുവിന്റെ പകുതിഭാഗം കടുവ ഭക്ഷിച്ചിട്ടുണ്ട്. സ്ഥലത്ത് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻസന്ദർശനം നടത്തി. കൂടുവെക്കാനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കടുവയെ നിരീക്ഷിക്കാനായി ക്യാമറ സ്ഥാപിച്ചു. ദൃശ്യങ്ങൾ ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കും. പ്രാദേശിക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വെറ്ററിനറി സർജൻ പരിശോധിച്ചിരുന്നു. നേരത്തെ കടുവയുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ്. മനുഷ്യർക്ക് നേരെ ഇതുവരെയും ആക്രമണം ഉണ്ടായിട്ടില്ല. എങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കും. രാത്രിയിൽ പ്രദേശത്ത് പെട്രോളിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചമുൻപ് മൂന്ന് ആടുകളെ കടുവ കൊലപ്പെടുത്തിയിരുന്നു. വീണ്ടും കടുവയിറങ്ങാൻ തുടങ്ങിയതോടെ പ്രദേശത്ത് സ്വൈര്യജീവിതം നഷ്ടമായെന്ന് പ്രദേശവാസികൾ പറയുന്നു. മുന്നൂറോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണിത്. കൂടാതെ ഭൂസമരത്തിന്റെ ഭാഗമായി ആദിവാസി കുടുംബങ്ങളും കുടിൽകെട്ടി കഴിയുന്നുണ്ട്. മൃഗശല്യം രൂക്ഷമായാൽ പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാകും. അതിനാൽ തന്നെ എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മൂന്നു പശുക്കളെ ഒരുമിച്ച് ആക്രമിക്കണമെങ്കിൽ ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടാകാമെന്നും പ്രദേശവാസികൾ പറഞ്ഞു. പെരുന്തട്ട, ആനപ്പാറ, ഓടത്തോട്, കുന്നമ്പറ്റ തുടങ്ങിയ പ്രദേശങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാണ്. പെരുന്തട്ടയിൽ സ്ഥിരമായി ഇറങ്ങുന്ന പുലിയെ പിടികൂടാൻ രണ്ടാഴ്ച മുൻപ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെയും കൂട്ടിൽ കുടുങ്ങിയിട്ടില്ല.
ആനപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ ചത്ത പശു
സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ സംഭവസ്ഥലത്ത് സന്ദർശനം നടത്തിയപ്പോൾ