studium
വയനാട് റവന്യൂ ജില്ലാ പ്രഥമ സ്‌കൂൾ ഒളിംപിക്സിനൊരുങ്ങിയ മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം

കൽപ്പറ്റ: വയനാട് റവന്യൂ ജില്ലാ പ്രഥമ സ്‌കൂൾ ഒളിംപിക്സ് 23, 24, 25 തീയതികളിലായി കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ട്രാക്കിലും ഫീൽഡിലുമായി ജില്ലയിലെ അറുന്നൂറോളം വിദ്യാർത്ഥി കായികതാരങ്ങൾ പങ്കെടുക്കുമെന്ന് ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 86 വ്യക്തിഗത ഇനങ്ങളിലും 10 റിലേ ഇനങ്ങളിലുമായാണ് മത്സരം. ഉപജില്ലകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇന്ന് മൂന്ന് മണിക്ക് എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും കൽപ്പറ്റ നഗരത്തിലേക്ക് വിളംബരജാഥ നടത്തും. സ്‌കൂൾ ഒളിംപിക്സിനോടനുബന്ധിച്ച് 13 സബ് കമ്മിറ്റികളും പ്രവർത്തനമാരംഭിച്ചു. 23ന് രാവിലെ രജിസ്‌ട്രേഷൻ ആരംഭിക്കും. മത്സരങ്ങൾ ഉച്ചക്ക് ഒന്നരക്ക് തുടങ്ങും. 24ന് രാവിലെ 10 മണിക്ക് ഡി.ഡി.ഇ ശശീന്ദ്രവ്യാസ് പതാക ഉയർത്തും. ഒളിംപ്യൻ ഒ.പി ജെയ്ഷ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എ.ഡി.എം ഇൻചാർജ് പി.എം കുര്യൻ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ സ്‌പോർട്സ് ഹോസ്റ്റലിൽ നിന്നും 22 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങളിൽ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ നവംബർ നാല് മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന മീറ്റിൽ പങ്കെടുക്കും. ജില്ലാ മത്സരങ്ങൾക്ക് ശേഷം വിജയികളായ വിദ്യാർത്ഥികൾക്ക് നാല് ദിവസത്തെ പ്രത്യേക പരിശീലനവും ജില്ലാ സ്റ്റേഡിയത്തിൽ ഒരുക്കും. വാർത്താസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം. നാസർ, ജോ. കൺവീനർ കെ. ഷാജി, വൈസ് പ്രിൻസിപ്പാൾ എം.പി കൃഷ്ണകുമാർ, പി. ഉമേഷ്, സലീം കടവൻ എന്നിവരും പങ്കെടുത്തു.

വയനാട് റവന്യൂ ജില്ലാ പ്രഥമ സ്‌കൂൾ ഒളിംപിക്സിനൊരുങ്ങിയ മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം