 
കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹായിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഫോസ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജം. ദുരിതബാധിതരുടെ മാനസികാരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകി ഫോസ ആവിഷ്‌കരിച്ച ധനസമാഹരണ ആപ്പിന്റെ (ഫോസ ഫോർ വയനാട്) ഉദ്ഘാടനം ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ് നിർവഹിച്ചു. 'ഫോസ ഫോർ വയനാടി'ന്റെ 14 വോളന്റിയർമാർ അടങ്ങുന്ന സംഘം ഇതിനകം പ്രവർത്തനം ആരംഭിച്ചതായി ഫോസ വയനാട് ചാപ്ടർ പ്രസിഡന്റ് ഡോ. കെ.ടി അഷ്‌റഫ് പറഞ്ഞു. ഫോസ വൈസ് പ്രസിഡന്റ് എൻ.കെ.മുഹമ്മദലി ആദ്യ തുകയായി ഒരു ലക്ഷം രൂപ കൈമാറി.
ഫോസ പ്രസിഡന്റ് കെ. കുഞ്ഞലവി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ.ആയിഷ, പി.എം.എ സമീർ, ഡോ. സോയ നാസർ, കെ.ടി ഹസൻ കോയ, നഈം അഷറഫ് എന്നിവർ പ്രസംഗിച്ചു. ഫോസ ജനറൽ സെക്രട്ടറി ഡോ. പി.പി യൂസുഫലി സ്വാഗതവും ജോ.സെക്രട്ടറി സി.പി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.