 
അമ്പലവയൽ: കഴിഞ്ഞ കുറെ മാസങ്ങളായി അമ്പലവയൽ വെസ്റ്റ് വാർഡിലെ കുറ്റികൈത പാറയിലും പത്തൊമ്പതാം വാർഡിനോട് ചേർന്ന പ്രദേശങ്ങളിലും തുടർന്ന് വരുന്ന പുലിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജനകീയയോഗം ആവശ്യപ്പെട്ടു. കുറ്റികൈത, കരിങ്കുറ്റി മേഖലകളിലെ ജനങ്ങളുടെ വളർത്തുമൃഗങ്ങളെയാണ് പുലിപിടികൂടി ഭക്ഷണമാക്കി കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ നിരവധി വളർത്തുമൃഗങ്ങളാണ് പുലിയ്ക്ക് ഇരയായത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പുലിയുടെ സൈര്യവിഹാരം അതിരൂക്ഷമായതോടെ ജനങ്ങൾയോഗം ചേർന്ന് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണ മെന്ന ആവശ്യവുമായി രംഗത്തിറങ്ങി. ഗ്രാമപഞ്ചായത്ത് അംഗം ജെസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷെമീർ, ബീനാ മാത്യു, കെ.കെ. രാധാകൃഷ്ണൻ, പി.എസ്. ബൈജു, മോഹനൻ, അനൂപ്, ബിനു, വി. എം. മാത്യു, ലെറ്റിഷ എന്നിവർ പ്രസംഗിച്ചു. കെ.സി. ജോർജ് സ്വാഗതവും രാജു നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
ജനകീയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷെമീർ സംസാരിക്കുന്നു
കുറ്റിക്കൈത കരിങ്കുറ്റി ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ പുലിയുടെ ചിത്രം