 
ഫറോക്ക്: ഫറോക്ക് ബി.ഇ.എം യു.പി സ്കൂൾ ഓഫീസ് കുത്തിത്തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. നല്ലളം കിഴുവനപ്പാടം പുതുപ്പള്ളി മുഹമ്മദ് അഷറഫലിയാണ് (24) അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ആറിന് രാത്രിയാണ് സ്കൂൾ ഓഫീസിന്റെ പൂട്ട് തകർത്തു അലമാരയിൽ നിന്ന് രണ്ട് ലാപ്ടോപ്പുകൾ കവർന്നത്. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, എസ്.ഐ എസ്.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തി കൊണ്ടുവന്നാൽ പ്രതിഫലം നൽകാമെന്നു പ്രതി വാഗ്ദാനം നൽകിയെന്നും ഇതാണു കുട്ടികളെ മോഷണത്തിനു പ്രേരിപ്പിച്ചതെന്നും ബോദ്ധ്യപ്പെട്ടു. ഇവർ നൽകിയ സൂചന പ്രകാരമാണ് പ്രതിയെ പിടികൂടിയത്. ഫറോക്ക് അസി. കമ്മിഷണർ എ.എം.സിദ്ദിഖിന്റെ കീഴിലെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പി.അരുൺ കുമാർ, സീനിയർ സി.പി.ഒ പി.മധുസൂദനൻ, സി.പി.ഒമാരായ പി.എം.സനീഷ്, അനൂജ് വളയനാട്, ഫറോക്ക് സ്റ്റേഷനിലെ സി.പി.ഒമാരായ കെ.പി.മുഹമ്മദ് അഷറഫ്, എം.പ്രജിത്ത്, എസ്.ദിവ്യേഷ്, പി.യശ്വന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.