ബേപ്പൂർ; ഓൾഡ് മിലിറ്ററി റോഡിൽ തമ്പി റോഡ് ജംഗ്ഷനിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാവുന്നു. എട്ടടി വീതി യുള്ള റോഡിന് നടുവിലാണ് അ അടിയോളം താഴ്ചയിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിന് കുറുകെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന വാൾവ് മൂടിയ ഇരുമ്പ് കവചം തകർന്നതിനെ തുടർന്നാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. വലിയ വാഹനങ്ങൾ കയറിയിറങ്ങിയതിനെ തുടർന്നാണ് ഇരുമ്പ് കവചം തകർന്നത്. രണ്ടാഴ്ചയിലേറെയായി കുഴി രൂപപ്പെട്ടിട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഭാഗത്ത് റോഡ് ഉയർത്തിയതും അപകട സാദ്ധ്യത കൂട്ടുന്നു. ബേപ്പൂരിൽ നിന്ന് പയ്യാനക്കൽ വഴി കോഴിക്കോട് ഭാഗത്തേക്കുള്ള പ്രധാന തീരദേശ റോഡിലാണ് മരണക്കുഴി രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരു ചക്രവാഹനം കുഴിയിൽ വീണ് ദമ്പതികൾക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ കുഴിയിൽ മരക്കൊമ്പുകൾ നാട്ടിയിരിക്കുകയാണ്. പ്രദേശത്ത് ദിവസങ്ങളായി തെരുവുവിളക്ക് തെളിയാത്ത അവസ്ഥയാണ്.