beena
കല്ലായിപ്പുഴ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തശേഷം മേയർ ബീന ഫിലിപ്പ് കോതി പാലത്തിലൂടെ പുഴ നടന്നു കാണുന്നു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ സമീപം

കോഴിക്കോട്: നഗരത്തിന്റെ കണ്ണീർപൊട്ടാണ് എക്കാലവും കല്ലായിപ്പുഴ. പാട്ടുകളിലും സിനിമകളിലും കല്ലായിപ്പുഴയെ വാഴ്ത്തുമ്പോഴും നഗരത്തിന്റെ മുഴുവൻ മാലിന്യവും പേറി തീരവാസികളുടെ തീരാ ദുരിതമായി പുഴ ഒഴുകുകയാണ്. കനോലികനാൽ ഒഴുക്കിവിടുന്നതും നഗരം തള്ളുന്നതുമായ മാലിന്യം പേറി ഒഴുകുന്ന കല്ലായിപ്പുഴയ്ക്ക് ശാപമോക്ഷം നൽകുകയാണ് കോർപ്പറേഷൻ.

പുഴയിൽ അടിഞ്ഞു കൂടിയ ചെളിയും മാലിന്യവും നീക്കി പുഴയുടെ സുഗമമായ ഒഴുക്ക് സാദ്ധ്യമാക്കി പുഴയെ പുനരുജീവിപ്പിക്കുന്ന പദ്ധതിയ്ക്കാണ് കോർപ്പറേഷൻ തുടക്കമിട്ടിരിക്കുന്നത്. ജലസേചന വകുപ്പാണ് നദീസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക. കോടികൾ എത്രയെന്നതല്ല പ്രശ്‌നം കല്ലായിപ്പുഴയെ വീണ്ടെടുക്കണമെന്നാണ് പദ്ധതി പ്രവൃത്തി ഉദ്ഘാടനത്തിലുടനീളം മുഴങ്ങിയത്.

നവീകരണ പ്രവൃത്തികൾ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോതി പാലത്തിന് സമീപം കോതി മൈതാനത്ത് നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി.രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഒ.പി.ഷിജിന, പി.ദിവാകരൻ, കൃഷ്ണകുമാരി, പി.കെ.നാസർ, സി രേഖ, കൗൺസിലർമാരായ പി മുഹ്‌സീന, എം.ബിജുലാൽ, എം.സി സുധാമണി, ഓമന മധു, ആയിഷാബി പാണ്ടികശാല, കെ.സി.ശോഭിത, ഒ.സദാശിവൻ, കെ. മൊയ്തീൻ കോയ, കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി, ജലസേചന വകുപ്പ് ചീഫ് എൻജിനിയർ എം.ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

'കല്ലായിപ്പുഴ സംരക്ഷണത്തിനായി കോഴിക്കോട് കോർപ്പറേഷൻ എടുത്ത തീരുമാനം സ്വാഗതാർഹം. കല്ലായി പുഴ കൈയേറ്റങ്ങൾക്കെതിരെയും മാലിന്യങ്ങൾക്കെതിരെയും നിരവധി സമര പോരാട്ടങ്ങൾ നടത്തിയ പുഴസംരക്ഷണ സമിതിയുടെ വിജയം കൂടിയാണ്. പുഴ നവീകരണത്തോടൊപ്പം കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധിയും കൂടി നടപ്പാക്കണം ഫൈസൽ പള്ളിക്കണ്ടി. (പുഴ സംരക്ഷണ സമിതി)

'കല്ലായിപ്പുഴയും ഇവിടുത്തെ മരവ്യവസായവും കോഴിക്കോടിന്റെ ലാൻഡ് മാർക്കാണ്. അത് സംരക്ഷിക്കുക കോർപ്പറേഷന്റെ ഉത്തരവാദിത്വമാണ് '. മേയർ ഡോ. ബീന ഫിലിപ്പ്

ചെലവ്

12.98 കോടി