league
മുസ്ലിംലീഗ് പ്രക്ഷോഭ സംഗമം മുതലക്കുളത്ത് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മാഫിയ ഏകാധിപത്യ ഭരണം അവസാനിപ്പിച്ചിട്ടേ ഇനി ഉറക്കമുള്ളൂ എന്നതാണ് മാഫിയാ സർക്കാരിനെതിരായ മുസ്ലിംലീഗിന്റെ സമരപരിപാടിയുടെ സന്ദേശമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പാർലമെന്റ് തിരഞ്ഞെടുപ്പായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ക്യാമ്പയിൻ നടത്തി. വയനാടിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് വലിയ ഇംപാക്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നാനൂറിൽ മേലെ സീറ്റ് ലഭിക്കുമെന്നാണ് അവകാശപ്പെട്ടത്. എന്നാൽ ഇപ്പോൾ സ്വന്തം ഭൂരിപക്ഷമില്ലാതെ മുട്ടുകൊടുത്തു നിർത്തിയിരിക്കുകയാണെന്നും മുസ്ലിംലീഗ് പ്രക്ഷോഭ സംഗമം മുതലക്കുളത്ത് ഉദ്ഘാടനം ചെയ്ത് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തകർപ്പൻ ഭൂരിപക്ഷത്തോടെ പ്രിയങ്ക കൂടി ചെന്നാൽ അവിടെ പലതും സംഭവിക്കും. വഖ്ഫും മദ്രസയും ഒക്കെ കോൾഡ് സ്‌റ്റോറേജിലേക്ക് പോയിക്കഴിഞ്ഞു. വടകരയിൽ പയറ്റിയ വർഗീയതയ്ക്ക് എന്തെങ്കിലും ഫലമുണ്ടായോ. വിഭാഗീയതയും വർഗീയതയും കേരളത്തിൽ വിലപ്പോവില്ല. ഭരണത്തിന്റെ കൊള്ളരുതായ്മ കണ്ണൂരിൽ എവിടെ വരെയെത്തി, അഹങ്കാരം അതിരുവിട്ടിരിക്കുന്നു. പത്ത് കൊല്ലം ഭരണത്തിലിരുന്നപ്പോൾ ഇനി ഇവിടെത്തന്നെ കാലാകാലം ഇരിക്കും എന്ന അവസ്ഥയിലാണ് ഭരണാധികാരികളുള്ളത്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ദുർഭരണത്തിന്റെ പ്രതീകമാണ് എ.ഡി.എമ്മിന്റെ ആത്മഹത്യ. വയനാട്ടിലെ ദുരന്തബാധിതരെ സർക്കാർ നടത്തിച്ച് വെള്ളംകുടിപ്പിക്കുകയാണ്. ഇന്ത്യയിൽ ബി.ജെ.പി ഭരണവും കേരളത്തിൽ എൽ.ഡി.എഫ് ഭരണവും അവസാനിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ.എം.കെ മുനീർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സെക്രട്ടറി പാറക്കൽ അബ്ദുള്ള, നജീബ് കാന്തപുരം എം.എൽ.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, യുഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ആക്ടിഗ് ജനറൽ സെക്രട്ടറി സി.പി.എ അസീസ് സ്വാഗതവും ജില്ല സെക്രട്ടറി അഡ്വ.എ.വി അൻവർ നന്ദിയും പറഞ്ഞു.