 
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതയായ കല്ലായി റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങൾ. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ കണ്ണിൽ പൊടിയിടാൻ ടാറും പൊടിക്കല്ലും വാരിയിട്ട് പോയതല്ലാതെ തിരക്കേറിയ പാതയിൽ ഒരറ്റകുറ്റപ്പണിയും ഇതുവരെ ഉണ്ടായിട്ടില്ല. പാതാളക്കുഴികളിൽ ഇരുചക്ര വാഹനങ്ങൾ പലതവണ ചാടിയിട്ടും കുഴിയടയ്ക്കാൻ ആരും വന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
നഗരത്തിൽ നിന്ന് ബേപ്പൂർ, നടുവട്ടം, മാങ്കാവ് അടക്കം നൂറുകണക്കിന് സ്വകാര്യബസുകളും സ്‌കൂൾ വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് ജപ്പാൻ കുഴികൾ ഭീഷണയായി നിൽക്കുന്നത്. ഇടതടവില്ലാതെ ഓട്ടോകളും ഇരുചക്രവാഹനങ്ങളും പോകുന്ന റോഡിൽ എം.സി.സി ബാങ്ക് മുതൽ ഫ്രാൻസിസ് റോഡ് ജംഗ്ഷൻ വരെ ഒരു ഭാഗം മുഴുവൻ കുത്തിപ്പൊട്ടിച്ചിട്ടിരിക്കുന്നത്. ചെറിയ കുഴികളല്ല എല്ലായിടത്തും പെരുങ്കുഴികൾ. മഴയത്ത് നിരവധി വാഹനങ്ങളാണ് അപകടപ്പെട്ടത്. നൂറുമീറ്റർ മാത്രമുള്ള റോഡ് മനസുവെച്ചാൽ പെട്ടെന്ന് നന്നാക്കിയെടുക്കാൻ കഴിയും. എന്നാൽ ജപ്പാൻ പദ്ധതിയുടെ പണികൾ ബാക്കിയുണ്ടെന്ന് പറഞ്ഞാണ് മാസങ്ങളായി റോഡിങ്ങനെ അനാഥമാക്കിയിട്ടിരിക്കുന്നത്. ഈ മേഖലകളിൽ നിരവധി സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. രാവിലെയും വൈകിട്ടും നൂറുകണക്കിന് കുട്ടികളാണ് സഞ്ചരിക്കുന്നത്. വണ്ടികളുടെ ടയറിൽ നിന്ന് കല്ലുകൾ തെറിച്ച് കുട്ടികൾക്കടക്കം പരിക്കേൽക്കുന്നതും പതിവാണ്. കല്ലായി കഴിഞ്ഞാൽ നഗരത്തിന്റെ വിവിധഭാഗങ്ങളിലെ സുപ്രധാന റോഡുകൾ പലതും തകർച്ചയിലാണ്. കണ്ണൂർ റോഡിന്റെ വിവിധ ഭാഗങ്ങൾ, റെയിൽവേ സ്‌റ്റേഷൻ നാലാംനമ്പർ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുന്ന ഭാഗം, വയനാട് റോഡിൽ ഡി.സി.സി ഓഫീസ് പരിസരം, വൈ.എം.സി.എ ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വ്യാപകമായി കുണ്ടും കുഴികളുമുണ്ട്.
റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുമ്പോൾ നെഞ്ചിടിക്കുന്നത് ബസുടമകൾക്ക് മാത്രമല്ല, തൊഴിലാളികളുടെയും യാത്രക്കാരുടേതും കൂടിയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ കുടുങ്ങി യാത്രക്കാർക്ക് താമസം വരുമ്പോൾ അവർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. കല്ലായി പോലുള്ള റോഡുകളിൽ കുരുങ്ങിക്കിടക്കുമ്പോൾ നഷ്ടമാകുന്ന മിനുട്ടുകൾ മാത്രം മതി ഒരു ട്രിപ്പ് കട്ടാവാൻ. കുഴിച്ചിട്ടുപോകുന്ന ജപ്പാൻ പദ്ധതിക്കാർക്കോ, ഇടപെടേണ്ട അധികാരികൾക്കോ ഇതൊന്നിലും താത്പര്യമില്ലെങ്കിൽ ആരോടാണ് പരാതി പറയേണ്ടത്. കെ.ടി.വാസുദേവൻ, ജില്ല പ്രസിഡന്റ്, ബസ് ഓപ്പറേറ്റേഴ്‌സ് അസോ.