gopalan

കോഴിക്കോട്: കലാകായിക,സാംസ്‌കാരിക,സാമൂഹിക വ്യാവസായിക മേഖലകളിലെ നിറസാന്നിദ്ധ്യമായ ഗോകുലം ഗോപാലനെ കോഴിക്കോട് ആദരിക്കുന്നു. കോഴിക്കോട് പൗരാവലിയും ഓൾ ഇന്ത്യാ മലയാളി അസോസിയേഷനും സംയുക്തമായി 25, 26 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ 'സുകൃതപഥം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന ബിസിനസ് കോൺക്ലേവ് 25ന് രാവിലെ 10ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി,സ്‌പോർട്‌സ്,സിനിമാ ബാങ്കിംഗ്,ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

25ന് വൈകിട്ട് ആറിന് സൗഹൃദസംഗമം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി,മന്ത്രി പി.എ മുഹമ്മദ് റിയാസ്, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഈ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തും. 26ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ആദരസന്ധ്യ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.

മുൻ കേന്ദ്രമന്ത്രി വി.കെ സിംഗ്,മേയർ ബീനാഫിലിപ്പ്,എം.കെ രാഘവൻ എം.പി,എം.കെ മുനീർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ പി.വി ചന്ദ്രൻ,എ.കെ പ്രശാന്ത്,ഡോ.കെ. മൊയ്തു,സി.ഇ ചാക്കുണ്ണി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.