hostel
ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനയിൽ നിന്ന്

കോഴിക്കോട്: ഹോട്ടലുകാർ മാത്രമല്ല, ഹോസ്റ്റൽ നടത്തിപ്പുകാരും സൂക്ഷിക്കണം. വിദ്യാർത്ഥികളുടെ പരാതിയിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാത്ത ആറ് ഹോസ്റ്റലുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ചുപൂട്ടി. മാനദണ്ഡങ്ങൾ പാലിക്കാത്ത 13 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഹോസ്റ്റലുകളിൽ നിന്ന് മോശം ഭക്ഷണം ലഭിക്കുന്നുവെന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 149 സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി. ചെറിയ ന്യൂനത കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് പരിഹരിക്കുന്നതിന് നോട്ടീസ് നൽകി.

10ലക്ഷം വരെ പിഴ

ഭക്ഷ്യസുരക്ഷ നിയമപ്രകാരം സുരക്ഷ ലൈസൻസ് ഇല്ലാതെ ഭക്ഷണസാധനങ്ങൾ ഉത്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാൻ പാടില്ല. ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഹോസ്റ്റലുകൾ നടത്തുന്നവർ ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കുന്നതോടൊപ്പം വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി റിപ്പോർട്ട് സൂക്ഷിക്കേണ്ടതാണ്.

'ഹോസ്റ്റലുകളിൽ ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതാണ്. ഭക്ഷ്യവസ്തുക്കൾ പരമാവധി ചൂടോടുകൂടി നൽകണം. വരും ദിവസങ്ങളിലും പരിശോധന തുടരും. എ.സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ, കോഴിക്കോട്.