kaliyamma
അമ്മായിപ്പാലത്തെ കാളിയമ്മയുടെ വീട്‌

സുൽത്താൻബത്തേരി: മാനത്ത് മഴക്കാർ കണ്ടാൽ നെൻമേനി അമ്മായിപാലം കോന്നിപ്പറമ്പിൽ കാളിയമ്മയ്ക്ക് നെഞ്ചിൽ തീയാണ്. മഴ ശക്തമാകുന്നതോടെ സമീപത്തെ തോട്ടിലൂടെ കുതിച്ചെത്തുന്ന മഴവെള്ളം കരകവിഞ്ഞ് വീട്ടിനകത്തേക്ക് കയറുന്നതാണ് ഇവരുടെ ആധിക്ക് കാരണം. മറ്റ് വീടുകൾ ഉണ്ടെങ്കിലും തോടിന് സമീപത്ത് കാളിയമ്മയും മകൻ പ്രഭാകരനും താമസിക്കുന്ന വീടാണ്. മഴ പെയ്തു തുടങ്ങിയാൽ ഇവർക്ക് ഇവിടെ താമസിക്കാൻ പറ്റാതാകും. വീതി കുറഞ്ഞ തോട്ട് വക്കത്തെ കാട്ട് കരിമ്പും മറ്റ് കാട് പടലങ്ങളും വളർന്ന് വെള്ളത്തിന്റെ ഒഴുക്കിന് തടസമാകുന്നതാണ് വെള്ളം കരകവിഞ്ഞ് വീട്ടിലേക്ക് ഇരച്ചെത്താൻ കാരണം. ചെറിയൊരു മഴ പെയ്താൽ പോലും വീടിനകത്ത് രണ്ടടിപ്പൊക്കത്തിൽ വരെ വെള്ളം കയറും. പിന്നീട് ഇവിടെ താമസിക്കാൻ ആവാത്തതിനാൽ കാളിയമ്മയും മകനും അയൽവാസിയുടെ വീടിനെയാണ് തല ചായ്ക്കാൻ ആശ്രയിക്കുക. ഈ വർഷം പലതവണയാണ് ഇവർ ദുരിതം അനുഭവിച്ചത്. വലിയ മഴ പെയ്തപ്പോളെല്ലാം ക്യാമ്പിലേക്ക് മാറി. വെള്ളം കയറി കട്ടകൾ കുതിർന്ന കാലപ്പഴക്കം ചെന്ന വീടും അപകട ഭീഷണിയിലാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കാടുവെട്ടി തെളിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം ഒരു വർഷം മുമ്പ് തൊഴിലുറപ്പ് പദ്ധതി പ്രകാരം തോട് വൃത്തിയാക്കിയതാണെന്നും രണ്ട് വർഷത്തിന് ശേഷമെ പദ്ധതി പ്രകാരം തോട് ഇനി വൃത്തിയാക്കാനാവു എന്നുമാണ് പഞ്ചായത്തംഗം പറയുന്നത്. അതിനാൽ നാട്ടുകാരുടെ സഹകരണത്തോടെ തോട്ടിലെ കാടുവെട്ടി തെളിക്കാൻ ഉടനടി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അംഗം അറിയിച്ചു.

അമ്മായിപ്പാലത്തെ കാളിയമ്മയുടെ വീട്‌