 
കുന്ദമംഗലം: ശാസ്ത്ര കൗതുകങ്ങളുമായി കൗമാര പ്രതിഭകളുടെ ജില്ലാ ശാസ്‌ത്രോത്സവത്തിന് ഇന്ന് തുടക്കം. കുന്ദമംഗലത്തെ വിവിധ സ്‌കൂളുകളിലായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും. പ്രവൃത്തി പരിചയമേള കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂൾ, എ.യു.പി.സ്‌കൂൾ എന്നിവിടങ്ങളിലും ഗണിത ശാസ്ത്രമേള മർക്കസ് ഗേൾസിലും സാമൂഹ്യശാസ്ത്രമേള മർക്കസ് ബോയ്‌സിലും, ശാസ്ത്രമേള മർകസ് ഗേൾസിലും, ഐ.ടി മേള വൊക്കേഷണൽ എക്‌സ്‌പോ തുടങ്ങിയവ കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിലുമായി നടക്കും. രജിസ്‌ട്രേഷൻ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്നു. ഇന്നും തുടരും. രണ്ടു ദിവസങ്ങളിലായി 9000 പേർക്ക് ഭക്ഷണം വിളമ്പും. ഭക്ഷണം കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിലാണ്. കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ മീഡിയ റൂം പ്രവർത്തിക്കും. ഇന്നലെ നടന്ന ശാസ്ത്ര നാടകത്തിൽ 11 സബ് ജില്ലാ ടീമുകൾ പങ്കെടുത്തു. മേളയുടെ രജിസ്‌ട്രേഷൻ ജോയിന്റ് കൺവീനർ എം.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ടൗണിൽ വിഭവസമാഹരണം നടത്തി. പി.കെ.അരവിന്ദൻ, കൺവീനർ സുരേഷ് കുമാർ, പബ്ലിസിറ്റി വൈസ് ചെയർമാൻ പി.പി.ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു. പാചക പുരയിൽ പാൽ കാച്ചൽ നടത്തി. വിവിധ കമ്മിറ്റികളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി.