 
കോഴിക്കോട്: വ്യാപകമാവുന്ന എലിപ്പനി തടയാൻ കച്ചമുറുക്കി ജില്ലാ ആരോഗ്യ വിഭാഗം. ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ എലിപ്പനി ബോധവത്കരണം 'ഡോക്‌സി വാൻ' ഇന്നലെ സംഘടിപ്പിച്ചു.
എലിപ്പനി പ്രതിരോധ മാർഗങ്ങൾ, ഡോക്‌സി സൈക്ലിൻ ഗുളികയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുക, എലിപ്പനി വരാൻ സാദ്ധ്യതയുള്ളവർക്ക് ഡോക്‌സി സൈക്ലിൻ ഗുളിക നേരിട്ട് നൽകുക എന്നീ ലക്ഷ്യവുമായാണ് 'ഡോക്‌സി വാൻ' സംഘടിപ്പിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ ഡോ.ശാമിൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സിന്ധുകല മുഖ്യപ്രഭാഷണം നടത്തി. പി.വി.എസ് നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 'ഡോക്‌സി വാൻ' പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ബോധവത്കരണ മൈക്ക് പ്രചാരണം, ഡോക്‌സി സൈക്ലിൻ ഗുളിക വിതരണം എന്നിവ നടത്തി.
എലിപ്പനി തടയാൻ
ഡോക്‌സി സൈക്ലിൻ
എലിപ്പനി വരാൻ സാദ്ധ്യതയുള്ളവർ പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം. സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഡോക്‌സി സൈക്ലിൻ സൗജന്യമായി ലഭിക്കും.
ഇവയിലൂടെ രോഗ സാദ്ധ്യത, ലക്ഷണങ്ങൾ
മലിനമായ മണ്ണിലും വെള്ളക്കെട്ടിലും വയലിലും ജോലി ചെയ്യുന്നവർക്കാണ് എലിപ്പനി സാദ്ധ്യത കൂടുതൽ. മലിനജല സമ്പർക്കമുണ്ടാകുന്ന ആർക്കും എലിപ്പനി പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. കൈകാലുകളിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിൽ എത്തുന്നത്. ജോലിക്കായി ഇറങ്ങുമ്പോൾ കൈയുറ, കാലുറ തുടങ്ങിയ വ്യക്തിഗത സുരക്ഷ മാർഗങ്ങൾ ഉപയോഗിക്കണം. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന, നടുവേദന, കാൽവണ്ണയിലെ വേദന, കണ്ണിന് മഞ്ഞനിറം, ചുവപ്പുനിറം എന്നീ ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ അടുത്ത് ചികിത്സ തേടുകയും ചെയ്യണം. എലിപ്പനി യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകാം.
എന്താണ് എലിപ്പനി?
ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കും.