kalluvayal
കല്ലുവയൽ സജീവന്റെ കുരുമുളക് കൃഷിയിടം

പുൽപ്പള്ളി: കറുത്ത പൊന്നിന്റെ നാടെന്ന് അറിയപ്പെട്ടിരുന്ന പുൽപ്പള്ളിയിൽ വീണ്ടും കുരുമുളക് കൃഷിയിലേക്ക് മടങ്ങുന്നു. രോഗബാധകൾ മൂലം കൃഷിയിൽ നിന്ന് കർഷകർ ഇടക്കാലത്ത് പിൻതിരിഞ്ഞിരുന്നു. റീ പ്ലാന്റേഷൻ
നടത്തി കൃഷിയെ പുനർ ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കൃഷിയിൽ നൂതന വഴികൾ തേടുകയാണ് കർഷകർ.
ഒരുകാലത്ത് കുരുമുളക് സമൃദ്ധമായി വിളഞ്ഞിരുന്ന പ്രദേശമായിരുന്നു പുൽപ്പള്ളിയും സമീപപ്രദേശങ്ങളും. എന്നാൽ പലവിധ രോഗങ്ങളാലും കാലാവസ്ഥ വ്യതിയാനത്താലും വലിയതോതിൽ കൃഷി കുറഞ്ഞുവന്നു. സാമ്പത്തിക പ്രതിസന്ധി ഈ പ്രദേശങ്ങളിൽ ഇതുമൂലം ഉടലെടുത്തു. എങ്കിലും കുരുമുളക് കൃഷിയെ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്ത കർഷകർ നിരവധിയാണ്. അവർ ഈ കൃഷിയിൽ നിന്നും പിൻവാങ്ങാതെ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുന്നു. അങ്ങനെ ഒരാളാണ് കല്ലുവയൽ പ്രദേശത്തെ കർഷകനായ പുത്തൻ കണ്ടത്തിൽ സജീവൻ. തന്റെ കൃഷിയിടത്തിന്റെ ഒരു ഭാഗം, ഏകദേശം 30 സെന്റ് സ്ഥലം നൂതന കുരുമുളക്ക് കൃഷിക്കായി മാറ്റിവെച്ചു. സ്വന്തമായി കോൺക്രീറ്റ് കാലുകൾ വാർത്തെടുത്തു. പതിനേഴ് അടിയോളം നീളമുള്ള, ആറിഞ്ച് വണ്ണമുള്ള കോൺക്രീറ്റ് കാലുകൾ രണ്ടര അടിയോളം താഴ്ത്തി കുഴിച്ചിട്ടാണ് കുരുമുളകിന് താങ്ങു കാലുകൾ സ്ഥാപിച്ചിരിക്കുന്നത്. ആയിരം രൂപയ്ക്കുമുകളിൽ ഇതിനു ചിലവുവന്നു. ഇതിന്റെ ചുവട്ടിൽ ബ്രസീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുംബുക്കൽ കുരുമുളക് വള്ളികൾ നട്ട് പിടിപ്പിച്ചിട്ടുള്ളത്. എല്ലാ ചുവടുകളിലേക്കും ഡ്രിപ്പ് ഇറിഗേഷൻ നടത്തിയിട്ടുണ്ട്. കൂടാതെ തനതായി നിർമ്മിച്ച ജൈവ വളക്കൂട്ട് ചുവട്ടിൽ കൊടുക്കുന്നു. ഫലമായി വളരെ മികച്ചതും കരുത്തുള്ളതുമായ ചെടികളാണ് ഉണ്ടായിട്ടുള്ളത്. തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തതും അല്ലാത്തതുമായ കുരുമുളക് ചെടികൾ സജീവന്റെ കൃഷിയിടത്തിലുണ്ട്. രണ്ടിനും രണ്ട് രീതിയിലുള്ള വളർച്ചയാണുള്ളതെന്നാണ് ഇദ്ദേഹം പറയുന്നത്. മൂന്നുവർഷംകൊണ്ട് നിറയെ കായ്ക്കുന്ന കുരുമുളക് ചെടികൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ കൗതുകമാണ്.

മികച്ച പരിപാലനം

നൽകിയൽ മികച്ച ആദായം

പുൽപ്പള്ളി: കുരുമുളക് പരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നാണ് സജീവൻ പറയുന്നത്. പറമ്പിൽ വെള്ളം കെട്ടിക്കിടക്കുവാൻ അനുവദിക്കരുത്. അതുപോലെ വരൾച്ച മൂലം ചെടികൾ ഉണങ്ങി പോകാതിരിക്കാൻ കൃത്യമായ രീതിയിലുള്ള നനവ് നൽകണം. കൃത്യമായ സമയങ്ങളിലുള്ള വളപ്രയോഗവും നൽകണം. ജൈവ വളം ഉപയോഗിച്ചാൽ മണ്ണിന് കരുത്തുകൂടും. അതു ചെടികൾക്ക് കൂടുതൽ ഊർജ്ജം നൽകും. കുരുമുളക് കൃഷി വളരെ മികച്ച വരുമാനം നൽകുന്നതെന്ന് സജീവൻ പറയുന്നു. മാതൃകയായി തെരഞ്ഞെടുത്ത 30 സെന്റ് സ്ഥലത്തിന് പുറമേ കൂടുതൽ സ്ഥലമെടുത്ത് കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് സജീവൻ. ജൈവ രീതിയിലുള്ള കൃഷി ചെയ്ത കുരുമുളക് തേടി ആളുകൾ എത്താറുണ്ടിവിടെ. അതുപോലെ ഈ പ്രദേശത്ത് ഇത്തരം ഒരു സംരംഭം ആദ്യമായതിനാൽ നിരവധി ആളുകൾ ഇവിടം സന്ദർശിക്കാൻ എത്തുന്നത്. പ്രധാനമായും കുമ്പുക്കൽ കുരുമുളക് ചെടികളാണ് നടുന്നത്. ഈ ചെടികൾ കാഞ്ഞിരപ്പള്ളിയിലെ കാളകെട്ടി എന്ന സ്ഥലത്തുനിന്നാണ് കൊണ്ടുവന്നത്. മികച്ച വിളവും വളർച്ചയും ഇവ കാണിക്കുന്നു. അതുപോലെ നല്ല പ്രതിരോധ ശേഷിയും.

കല്ലുവയൽ സജീവന്റെ കുരുമുളക് കൃഷിയിടം