digi
ഡിജിറ്റൽ സാക്ഷരത

@ ഔദ്യോഗിക പ്രഖ്യാപനം 28 ന്

@ ചെലവൂർ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത വാർഡ്

കോഴിക്കോട്: സാഹിത്യ നഗര ഖ്യാതിയ്ക്കൊപ്പം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേട്ടവുമായി കോഴിക്കോട് കോർപ്പറേഷൻ. 75 വാർഡുകളിലും ഡിജി കേരളം പദ്ധതി പൂർത്തീകരിച്ചാണ് കോർപ്പറേഷൻ മികച്ച നേട്ടം കൈവരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം 28 ന് നടക്കുമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു. മുഴുവൻ വീടുകളിലും സർവേ നടത്തി 30203 പഠിതാക്കളെ കണ്ടെത്തുകയും അവർക്ക് ഡിജിറ്റിൽ സാക്ഷരത ക്ലാസുകൾ നൽകി. ഇതിനായി 5388 വോളന്റിയർമാർ രംഗത്തുണ്ടായിരുന്നു.

2024 ആഗസ്റ്റ് മാസത്തിലാണ് ഡിജി കേരളം പ്രവർത്തനങ്ങൾ ആരംഭിച്ചത്. നടൻ ആസിഫ് അലിയായിരുന്നു കോർപ്പറേഷൻ ഡിജി കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ. ആദ്യഘട്ടത്തിൽ കോർപ്പറേഷൻ കൗൺസിലർമാർക്കും കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾക്കും വാർഡ് കോ ഓർഡിനേറ്റർമാർക്കും പരിശീലനം നൽകി. സെപ്തംബറിൽ സർവേയിലൂടെ വാർഡുകളിലെ പഠിതാക്കളെ കണ്ടെത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്തംബർ 21ന് വാർഡുകളിൽ ഡിജി അയൽക്കൂട്ടങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റിൽ സാക്ഷരതാ ക്ലാസ് നൽകുന്നതിനായി വാർഡ് തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തു. സ്മാർട്ട് ഫോണിൽ വോളന്റിയർ രജിസ്‌ട്രേഷൻ ചെയ്യുന്നതും ആപ്പ് വഴി സർവേ ചെയ്യുന്നതും പഠിതാക്കൾക്ക് ക്ലാസെടുക്കുന്നതും ട്രെയിനിംഗ് വാല്വേഷൻ നിർവഹിക്കുന്നതിനും പ്രത്യേകം പരിശീലനം നൽകി. പഠിതാക്കൾക്ക് മൂന്നു മൊഡ്യൂളുകളായിട്ടാണ് ക്ലാസുകൾ നൽകിയത് . വാർഡ് കൗൺസിലർമാർ, വാർഡ് കോ ഓർഡിനേറ്റർമാർ, കുടുംബശ്രി പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി വർക്കർമാർ, സാക്ഷരത പ്രേരക്മാർ, എൻ.എസ്.എസ് വോളന്റിയർമാർ തുടങ്ങിയവരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ തുടർന്നാണ് പദ്ധതി പൂർത്തീകരിച്ചത്. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദും പങ്കെടുത്തു.