 
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിലെ ബീനാച്ചി പുതിക്കാട് റോഡിൽ ചെക്ക് ഡാമിന് സമീപത്തെ പാലത്തിനോട് ചേർന്ന് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് പാലവും റോഡും വേർതിരിക്കുന്ന ഭാഗത്താണ് റോഡിന്റെ അരിക് ഭാഗം ഇടിഞ്ഞു തോട്ടിലേയ്ക്ക് പതിച്ചത്. ഇതോടൊപ്പം റോഡരികിലുള്ള കല്ലും മണ്ണും പത്തടി താഴ്ചയുള്ള തോട്ടിലേക്കാണ് പതിച്ചിരിക്കുന്നത്. പാലത്തിനോട് ചേർന്ന് റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തത് നേരത്തെ തന്നെ ഇവിടെ അപകടം വിളിച്ചു വരുത്തുന്ന അവസ്ഥയായിരുന്നു. റോഡിന്റെ പാർശ്വഭിത്തി കുടി ഇപ്പോൾ തകർന്നതോടെ ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ പോലും ശ്രദ്ധിച്ചില്ലെങ്കിൽ തോട്ടിൽ വീഴാൻ ഏറെ സാധ്യതയാണ്. റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായതോടെ പ്രദേശവാസികൾ മുന്നറിയിപ്പെന്നവണ്ണം ഒരു റിബൺ അപകട മേഖലയിൽ വലിച്ച് കെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലത്തിനോട് ചേർന്ന തോടിന്റെ പാർശ്വഭിത്തിയും വർഷങ്ങൾക്ക് മുമ്പ് തകർന്നു തോട്ടിൽ പതിച്ചു കിടക്കുകയാണ്. ഇതുകാരണം തോട്ടിലെ വെള്ളത്തിന്റെ സ്വാഭാവി ഒഴുക്കിന് തടസം നേരിട്ടതോടെ തോട് ഗതിമാറി ഒഴുകി കൊണ്ടിരുന്നതും റോഡിന് ഭീഷണിയായി മാറിയിരുന്നു. ബീനാച്ചിയിൽ നിന്ന് പൂതിക്കാട് ഭാഗത്തേയ്ക്കുള്ള ഏക റോഡ് മാർഗ്ഗമാണ് ഇപ്പോൾ അപകടാവസ്ഥയിലായി കിടക്കുന്നത്. നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. പകൽ വെളിച്ചത്തിൽ റോഡിന്റെ പാർശ്വ ഭിത്തി തകർന്നത് കാണാമെങ്കിലും രാത്രിയിൽ സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടാൻ സാധ്യതയെറെയാണ്. തകർന്ന് കിടക്കുന്ന റോഡിന്റെ പാർശ്വഭിത്തി നഗരസഭ അധികൃതർ സന്ദർശിച്ചു ഉടൻ നിർമ്മാണം നടത്താൻ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
ബീനാച്ചി പുതിക്കാട് റോഡിന്റെ തകർന്ന് കിടക്കുന്ന പാർശ്വഭിത്തി