kaduva
വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ആനപ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവകളുടെ ദൃശ്യങ്ങൾ

ചുണ്ടേൽ: ആനപ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവകളുടെ ദൃശ്യങ്ങൾ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ. രണ്ട് കടുവകളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. 4 കടുവകൾ പ്രദേശത്ത് ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ടു കുട്ടികടവുകളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ കടുവ കുട്ടികളുടെ പ്രായം ഉൾപ്പെടെ കണക്കാക്കാൻ കഴിയുകയുള്ളൂ. കുട്ടിക്കടുവകളെ കഴിഞ്ഞദിവസം പ്രദേശവാസികൾ നേരിട്ട് കണ്ടിരുന്നു. സ്വന്തമായി ഇര തേടാൻ ശേഷിയാവാത്ത കുട്ടികളാണ് ഇതെന്നാണ് വനവകുപ്പിന് നിഗമനം. കുട്ടി കടുവകളുടെ ദൃശ്യങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ. നല്ല ആരോഗ്യമുള്ള കടുവകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുവെച്ച് കടുവകളെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ആനപ്പാറയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വനം വകുപ്പിന്റെ തുറന്നിട്ടുണ്ട്. രാത്രിയിലും പകലും വിവിധ പ്രദേശങ്ങളിൽ പെട്രോളിംഗും നടത്തുന്നുണ്ട്. കഴിഞ്ഞദിവസം മൂന്ന് പശുക്കളെ പിടികൂടിയ സ്ഥലത്താണ് വനം വകുപ്പ് നാല് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. ഈ ക്യാമറകളിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ജഡാവശിഷ്ടം ഭക്ഷിക്കാൻ എത്തിയ കടുവകൾ തേയില തോട്ടത്തിലെ നിരപ്പായ സ്ഥലത്ത് ഇരിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പ്രദേശത്ത് തൽസമയ ക്യാമറകൾ കൂടി വനം വകുപ്പ് സ്ഥാപിക്കുന്നുണ്ട്. ഇതോടെ കടുവകളുടെ നീക്കങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
തേയില തോട്ടത്തിൽ സ്ഥിരമായി കടുവകൾ ഇറങ്ങാൻ തുടങ്ങിയതോടെ തോട്ടത്തിൽ ജോലിക്ക് പോകാൻ തൊഴിലാളികൾ ഭയക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.

വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ആനപ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവകളുടെ ദൃശ്യങ്ങൾ