 
കുന്ദമംഗലം: ബ്ലാക്ക് ബോർഡിനും വിവിധ നിറം ചോക്കുകൾക്കും പകരം ക്ലാസ് മുറികളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ എത്തിയപ്പോൾ പ്രവൃത്തിപരിചയ മേളകളിൽ നിന്ന് ചോക്ക് നിർമ്മാണം ഒഴിവാക്കുന്നു. ശാസ്‌ത്രോത്സവത്തിൽ കാലോചിതമായ മാറ്റം വേണമെന്ന് പറഞ്ഞാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.
ചോക്ക് നിർമ്മാണത്തോടൊപ്പം ചന്ദനത്തിരി, പ്ലാസ്റ്റർ ഓഫ് പാരീസ്, പനയോല, തഴയോല, കുട നിർമാണം, വോളിബോൾ നെറ്റ് എന്നീ മത്സരയിനങ്ങളും പ്രവൃത്തി പരിചയമേളയി നിന്ന് ഒഴിവാക്കും. മേളയുടെ പ്രധാന ആകർഷണങ്ങളായ ഇനങ്ങൾ ഒഴിവാക്കുന്നതിൽ വിഷമമുണ്ടെന്ന് കുട്ടികളും രക്ഷിതാക്കളും പറയുന്നു. ഈ വർഷം മുതൽ തന്നെ പുതുക്കിയ മാന്വൽ പ്രകാരം മത്സരങ്ങൾ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്തരവിറക്കുന്നതിന് മുമ്പെ സ്‌കൂൾതല മത്സരങ്ങൾ പൂർത്തിയായിരുന്നു. അടുത്ത വർഷം മുതൽ പുതുക്കിയ മാന്വൽ പ്രകാരമായിരിക്കും മത്സരങ്ങൾ നടക്കുക. ഒഴിവാക്കിയ ഇനങ്ങൾക്കുപകരം ഒറിഗാമി, പോട്ടറി പെയിന്റിംഗ്, ഫൈബർ ഫാബ്രിക്കേഷൻ, ചൂരൽ ഉത്പ്പന്നങ്ങൾ തുടങ്ങി എട്ടിനങ്ങൾ കൂട്ടിചേർത്തിട്ടുമുണ്ട്.