 
കുന്ദമംഗലം: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ സാദ്ധ്യത മുൻകൂട്ടി അറിയാനുള്ള അലാറവുമായെത്തിയ വില്ല്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികളായ അലൻ നിഷാലും ഫാത്തിമയും ശാസ്ത്രോത്സവത്തിലെ താരങ്ങൾ. മണ്ണിലെ ജലാംശത്തിന്റെ അളവും മഴയുടെ തീവ്രതയും പരിശോധിച്ച് മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും സാദ്ധ്യത നേരത്തെ ആളുകളെ അറിയിക്കുന്നതാണ് അലാറം. രാജ്യ സുരക്ഷാസംവിധാനങ്ങളിൽ റഡാർ, എ.ഐ എന്നീ സാങ്കേതിക വിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ഉദ്യമത്തിലാണ് ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസിലെ റോസ്. ഒ.എം, ദർശൻ.പി.ദാസ് എന്നീ കുട്ടികൾ.
എ.ഐ സാങ്കേതികതയെ എങ്ങനെ ഭിന്നശേഷി സൗഹൃദമാക്കാം എന്ന പരീക്ഷണവുമായാണ് മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ കാർത്തിക് നാരായണനും ബി. യഗ്‌ന്യയും എത്തിയത്. കാഴ്ച, കേൾവി പരിമിതിയുള്ളവർക്ക് യാത്രകൾക്ക് കൂടി സഹായകമാവുന്ന രീതിയിൽ മോഡലിനെ നവീകരിക്കാനാണ് ഇവരുടെ ശ്രമം.