പുൽപ്പള്ളി: എരിയപ്പിള്ളിയിൽ വീടിനോട് ചേർന്നും, അല്പം അകലെ മാറിയുള്ള എഴുപത് സെന്റ് സ്ഥലത്തും വൈവിധ്യമാർന്ന ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിച്ച് ശ്രദ്ധ നേടുകയാണ് ചാത്തനാട്ട് സി.കെ രാജനും ഭാര്യ സുഭദ്രയും. വിവിധതരം മാവുകൾ ഇവർ സംരക്ഷിച്ചു വരുന്നു. മൽഗോവ, അൽഫോൻസ, നീലം, പേരയ്ക്ക, മൂവാണ്ടൻ തുടങ്ങിയവയും, നിരവധി നാടൻമാവുകളും ഇവിടെയുണ്ട്. കൂടാതെ ലിച്ചി, സപ്പോർട്ട, റംബുട്ടാൻ, അവക്കാഡോ, ആപ്പിൾ ചാമ്പ, വയലറ്റ് ഞാവൽ എന്നിവയും പറമ്പിൽ കരത്തോടെ വളർന്ന് കായ്ച്ചു തുടങ്ങിയിട്ടുണ്ട്. നാടൻ ഹൈബ്രിഡ് ഇനങ്ങളിൽപെട്ട നിറയെ കായ്കുന്ന നെല്ലി മരങ്ങൾ ഇവിടെയുണ്ട്. വിവിധതരം പ്ലാവുകൾ, പ്രത്യേകിച്ച്, വിയറ്റ്നാം ഏർലി, തേൻവരിക്ക തുടങ്ങിയവ അവയിൽചിലത് മാത്രം. അതുപോലെ വർഷം മുഴുവൻ കായ്ക്കുന്ന മുരിങ്ങയും ഇവർ സംരക്ഷിച്ചു വരുന്നു. നീലം മാവ് തീവ്ര മധുരമുള്ളതും മാംസളഭാഗം കൂടുതലുള്ളതുമാണ്. നാലുവർഷംകൊണ്ട് കായ്ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതുപോലെ നാടൻ മാമ്പഴങ്ങൾ വലിപ്പം കുറവാണെങ്കിലും നല്ല സുഗന്ധവും രുചിയുമുണ്ട്. ആദായത്തേക്കാൾ ഇവയുമായുള്ള സമ്പർക്കം നൽകുന്ന മാനസിക സന്തോഷമാണ് വലുതെന്നാണ് രണ്ടുപേരും പറയുന്നത്. എന്തുകൊണ്ടാണ് ഇത്രയും വ്യത്യസ്തമായ ഇനങ്ങളിൽ ഉള്ളവ ഒന്നിച്ച് നട്ടുവളർത്തി സംരക്ഷിക്കുന്നതെന്ന ചോദ്യത്തിന്, ഇന്ത്യയിൽ വ്യത്യസ്തരായ ആളുകൾ ഒരുമിച്ചല്ലേ ജീവിക്കുന്നത് എന്ന മറു ചോദ്യമാണ് ഇങ്ങോട്ട് ലഭിക്കുക. വീടിനോടു ചേർന്ന ഭാഗത്ത് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഏതുചൂടുകാലത്തും ഇവിടെ തണുപ്പു ലഭിക്കുമെന്ന് ഇവർപറയുന്നു. രണ്ടപേരും സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം വിശ്രമകാലത്താണ് ഈ ചെടികളുമായി കൂടുതലായി ചങ്ങാത്തമുണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ ഇവയെ സംരക്ഷിക്കുന്നതിന് കൂടുതൽ സമയം കിട്ടുന്നുണ്ട്. സി.കെ രാജൻ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സുഭദ്ര രാജൻ ആരോഗ്യവകുപ്പിൽ നിന്നുമാണ് വിരമിച്ചത്. എന്തായാലും മരങ്ങളോടും ചെടികളോടുമുള്ള ഇവരുടെ ഇഷ്ടം കൂടുതൽ ആളുകൾ ഇവിടം സന്ദർശിക്കുന്നതിനും കാരണമായിട്ടുണ്ട്.
സി.കെ രാജനും ഭാര്യ സുഭദ്രയും