 
പുൽപ്പള്ളി: വാസയോഗ്യമായ വീടുകളില്ലാത്തതിനാൽ പുൽപ്പള്ളി പത്താം വാർഡ് വണ്ടിക്കടവ് നഗർ നിവാസികൾ വർഷങ്ങളായി ദുരിതമനുഭവിക്കുന്നു. ഇരുപത് വർഷം മുമ്പ് അനുവദിച്ചുകിട്ടിയ നാല് സെന്റ് സ്ഥലത്താണ് ഇവരുടെ വീടുള്ളത്. 20 വർഷത്തെ പഴക്കമുള്ള വീടുകൾ പുർണമായി തകർച്ചയിലാണ്. ഇരുപതോളം വീടുകളാണ് ഇവിടെയുള്ളത്. എല്ലാ വീടുകളും തന്നെ മഴക്കാലത്ത് ചോർന്നൊലിക്കും. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് വീടിന്റെ മുകൾഭാഗം പൊതിഞ്ഞു കെട്ടിയാണ് ഇവരുടെ ജീവിതം. ഒരു വീട്ടിൽ രണ്ടിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നു. ചുമരുകൾ പൊട്ടിയതും മേൽക്കൂര തകർന്നു നിൽക്കുന്നതുമായ വീടുകൾക്കുള്ളിലെ ജീവിതം പേടിപ്പിക്കുന്നതാണെന്ന് ഇവിടുത്തുകാർ പറയുന്നു. വർഷങ്ങളായി അപേക്ഷകൾ കൊടുത്തെങ്കിലും പഞ്ചായത്ത് വീടുകൾ അനുവദിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ലൈഫ് ഭവന പദ്ധതിയിലുംഉൾപ്പെട്ടിട്ടില്ല, എന്താണ് കാരണമെന്ന് അറിയില്ലയെന്ന് ഇവർ പറയുന്നു. ശോഭന, അമ്മിണി, ശാന്ത, ഗോപാലൻ, ബിജു, അപ്പു തുടങ്ങിയവരെല്ലാം തങ്ങളുടെ വീടുകൾ ഏതു നിമിഷവും നിലംപൊത്തും എന്ന പേടിയിലാണ് ജീവിക്കുന്നത്. സമീപത്തെ കർണാടക കാട്ടിൽ നിന്നും ഇലട്രിക് വേലി തകർത്ത് വരുന്ന കാട്ടാനകളും ഇവർക്ക് ഭീഷണിയാവുകയാണ്. വേനൽകാലങ്ങളിൽ കുടിവെള്ള ക്ഷാമവും വണ്ടിക്കടവ് നഗർ നിവാസികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. വേനലിന്റെ തുടക്കത്തിൽ തന്നെ കിണർ വറ്റിപ്പോകുന്നതോടെ കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. ഇവർക്കായി അനുവധിച്ച കുടിവെള്ള പദ്ധതികളെല്ലാം മുടങ്ങി കിടക്കുകയാണ്.
പുൽപ്പള്ളി പത്താം വാർഡ് വണ്ടിക്കടവ് നഗർ നിവാസികളുടെ കാലപഴക്കത്തിൽ തകർന്ന വീട്