കുന്ദമംഗലം: കുട്ടി ശാസ്ത്രജ്ഞരുടെ അറിവും കഴിവും മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് കുന്ദമംഗലത്ത് തിരിതെളിഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്.
11 ടീമുകൾ പങ്കെടുത്ത ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടകത്തിൽ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. വിജയികൾക്ക് തത്സമയം ട്രോഫികൾ നൽകി. ആദ്യ ദിനത്തിൽ നടന്ന ക്ലേ മോഡലിംഗ്, പ്രകൃതിദത്ത ഉത്പ്പന്നങ്ങൾകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, കളിപ്പാട്ട നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ കുട്ടികളുടെ കരകൗശല മികവിന്റെ ഉദാഹരണങ്ങളായി. ശാസ്ത്ര കൗതുകമുണർത്തുന്ന പരീക്ഷണങ്ങളും മോഡലുകളും വൊക്കേഷണൽ എക്സ്പോയും മേളയിൽ ആദ്യ ദിനം പ്രദർശനത്തിനെത്തി. മേളയുടെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരോടൊപ്പം സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ് വോളന്റിയർമാരും സജീവമായുണ്ട്. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ.കല സ്വാഗതം പറഞ്ഞു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥിയായി. ഡി.ഡി.ഇ മനോജ്കുമാർ. സി റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു നെല്ലുളി, പി.കൗലത്ത്, ബി.ആർ.അപർണ, അബ്ദുൾ റഷീദ്, ആയിഷാബി, കെ.പി.ഫൈസൽ, പി.ടി.ഷാജിർ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ- ഐ.ടി മേളയും വി.എച്ച് .സി എക്സ്പോയും കുന്ദമംഗലം ഹയർസെക്കൻഡറി സ്ക്കൂളിലാണ് നടക്കുന്നത്. സോഷ്യൽ സയൻസ്, ഗണിത ശാസ്ത്ര മേളകൾ മർകസ് ബോയ്സ് എച്ച്.എസ്.എസിലും സയൻസ് മേള മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂളിലുമാണ് നടക്കുന്നത്. മേളയുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.