kaarat-rasaq

കോഴിക്കോട് : വിമതനായി പുകഞ്ഞ് പുറത്തായ പി.വി.അൻവർ എം.എൽ.എക്ക് പിന്നാലെ സി.പി.എമ്മുമായി ഇടഞ്ഞ് കൊടുവളളിയിലെ മുൻ സി.പി.എം സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖും. പാർട്ടി നേതൃത്വത്തോട് നിരന്തരം ആവശ്യപ്പെടുന്ന വിഷയങ്ങൾ ഇനിയും പരിഗണിക്കുന്നില്ലെങ്കിൽ ഒരാഴ്ചക്കകം ഭാവി തീരുമാനിക്കുമെന്ന് റസാഖ് മുന്നറിയിപ്പ് നൽകി. കൊടുവള്ളിയിലെ വീട്ടിൽ മാദ്ധ്യമങ്ങളെ വിളിച്ചായിരുന്നു പ്രതികരണം.

മന്ത്രി റിയാസിനെ കൂട്ടുപിടിച്ച് കൊടുവള്ളി എം.എൽ.എയും ലീഗ് പ്രവർത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് ലോക്കൽ, ഏരിയ കമ്മിറ്റികൾക്ക് പരാതി നൽകിയിരുന്നു. മൂന്ന് വർഷമായിട്ടും മറുപടിയില്ല. ഇനി ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിനുശേഷം നിലപാട് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയോടോ സി.പി.എം സംസ്ഥാന, ജില്ലാ നേതൃത്വത്തോടോ അഭിപ്രായ വ്യത്യാസമില്ല. ലോക്കൽ, ഏരിയ കമ്മിറ്റികളുമായാണ് പ്രശ്‌നം. ഇപ്പോഴും ഇടത് സഹയാത്രികൻ തന്നെയാണ്. അൻവറിനൊപ്പം പോകുന്നത് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അൻവറിനെ കണ്ട ശേഷം നിരവധി യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ പിന്തുണയുമായി വന്നു.
മദ്രസ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ സ്ഥാനം ഒഴിയും. കാറിൽ നിന്ന് ബോർഡ് നീക്കിയിട്ടുണ്ട്. പുതിയ പാർട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് അണികൾ നല്ലവരാണ്. പക്ഷേ, നേതാക്കൾ ശരിയല്ല. അൻവർ ക്ഷണിച്ചു. കാത്തിരിക്കാനാണ് പറഞ്ഞതെന്നും റസാഖ് പറഞ്ഞു.