puzha
പുഴമുടിയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ

കൽപ്പറ്റ: ഇടയ്ക്കിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന പുഴമുടിയിൽ വീണ്ടും വാഹനാപകടം. വെള്ളിയാഴ്ച രാത്രി ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. രാത്രിയായതിനാൽ വലിയ ദുരന്തം ഒഴിവായി. പാലത്തിനു സമീപത്തെ കാരിയിൽ ബാപ്പുവിന്റെ കടയുടെ മുൻപിലേക്കാണ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. ഇതേ തുടർന്ന് കടയുടെ മുൻഭാഗം തകരുകയും ചെയ്തിട്ടുണ്ട്. ലോറി വീടിനു മുകളിലേക്ക് മറിയാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അപകടം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിക്കാതെ വാഹനം മാറ്റാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ നിലപാടെടുത്തു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായി നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10ലേറെ വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. ഓട്ടോറിക്ഷ, കാർ, ബൈക്ക്, ജീപ്പ് തുടങ്ങിയ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ആറുമാസം മുമ്പ് കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് റോഡരികിൽ ഇരുമ്പു വേലി നിർമ്മിച്ചിരുന്നു. എന്നാൽ ഇതും ഇടിച്ചു തകർത്താണ് ലോറി മറിഞ്ഞത്. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ ഇറങ്ങിയോടുകയായിരുന്നു. പിന്നീടാണ് ലോറി അപകടത്തിൽ പെട്ടതാണെന്ന് മനസിലായത്. അപകടത്തിൽ ആർക്കും പരിക്കില്ല. സ്ഥിരമായി വാഹനങ്ങൾ അപകടത്തിൽപെടുന്നതിനാൽ തന്നെ സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ബാപ്പു പറയുന്നു.

പുഴമുടിയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ